നാദാപുരം: ഡയാലിസിസ് സെന്ററിലെ മാലിന്യം തോട്ടിൽ തള്ളി മീനുകൾ ചത്ത് പൊന്തുന്നതായി പരാതി. ചേറ്റുവെട്ടിയിൽ പ്രവർത്തിക്കുന്ന വടകര തണലിന്റെ ഉടമസ്ഥതയിലുള്ള ഡയാലിസിസ് സെന്ററിലെ മാലിന്യമാണ് തോട്ടിലേക്ക് ഒഴുകുന്നത്.
ദിവസങ്ങളായി തോടിൽ മീനുകൾ ചത്ത് പൊങ്ങുന്നത് കണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഡയാലിസിസ് സെന്ററിന്റെ മുൻ വശത്തെ അഴുക്കുചാലിലൂടെ ദുർഗന്ധം വമിക്കുന്ന കറുപ്പ് നിറത്തോടെ മലിന ജലം തോടിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടത്. മീനുകൾ ഒഴുകി സെന്റർ പരിസരത്ത് എത്തുമ്പോഴാണ് മീനുകൾ പിടഞ്ഞ് ചാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പരിസരവാസികൾ നേരത്തെയും മലിനജലം തോടിലേക്ക് ഒഴുകുന്നതിനെ ചൊല്ലി പരാതി നൽകിയിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥതയിലായിരുന്ന സെന്റർ പരാതിയെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. രോഗികളുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് തണൽ ഡയാലിസീസ് സെന്റർ ഏറ്റെടുത്തത്.പരിസരത്തെ വീടുകളിലെ കിണറുകൾ മലിനമായതോടെ ഉപയോഗശൂന്യമായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന് നാദാപുരം സിഐ സുനിൽ കുമാർ സ്ഥലത്തെത്തി സെന്റർ ജീവനക്കാരുമായി ചർച്ച ചെയ്തതിനെ തുടർന്ന് രാത്രി തന്നെ നടപടി എടുക്കുമെന്ന് പറഞ്ഞു. മാലിന്യം ഒഴുക്കുന്നത് ഒഴിവാക്കിയാൽ മാത്രമേ സെന്റർ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി. തങ്ങളും സ്ഥലത്തെത്തി.