പേരാമ്പ്ര: നാട്ടുകാരും പേരാമ്പ്ര പോലീസും കൂത്താളി ഗ്രാമപഞ്ചായത്തധികൃതരും ഇടപെട്ടതോടെ ചെമ്പ്ര പുഴയോരത്ത് തള്ളിയ മാലിന്യം ആശുപത്രി അധികൃതർ നീക്കി.
പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയുടെ പഴയ കെട്ടിടത്തിലുണ്ടായിരുന്ന മാലിന്യ ശേഖരമാണിതെന്നു തിരിച്ചറിഞ്ഞിരുന്നു. ചെമ്പ്ര പാലത്തിനും താനിക്കണ്ടി പാലത്തിനും സമീപത്താണ് ആശുപത്രി മാലിന്യം തള്ളിയത്. മരുന്നു കുപ്പികൾ, ഇൻജക്്ഷൻ സൂചികൾ തുടങ്ങിയവയാണ് ചാക്കിൽ കെട്ടിയും അല്ലാതെയും ചൊവ്വാഴ്ച രാത്രി തള്ളിയത്.
ആശുപത്രി അധികൃതർ മാലിന്യം നീക്കാൻ കരാർ നൽകിയതാണെന്നാണു സൂചന. നിപ്പാ വൈറസ് ബാധയേറ്റ രോഗികൾ ചികിത്സ തേടിയ ആശുപത്രിയിലെ മാലിന്യമാണിതെന്നതിനാൽ പ്രശ്നം അതീവ ഗൗരവമേറിയതാണെന്നു നാട്ടുകാർ ആരോപിച്ചു. പുഴ വെള്ളത്തിലും മാലിന്യം ഇട്ടിട്ടുണ്ടാകാമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
മാലിന്യം ശേഖരിച്ചു തിരിച്ചു കൊണ്ടു പോകാൻ കരാറുകാർ നടത്തിയ ശ്രമം നാട്ടുകാർ ഇടപെട്ടു തടഞ്ഞു. ആശുപത്രി അധികൃതർ എത്തിയാൽ മാത്രമേ മാലിന്യം നീക്കാൻ അനുവദിക്കുകയുള്ളുയെന്നും നാട്ടുകാർ ശഠിച്ചു. ഇതിനിടയിൽ കൂത്താളി പഞ്ചായത്തധികൃതരും നാട്ടുകാരും നൽകിയ പരാതിയിൽ പോലീസെത്തി പ്രശ്ന പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തി. ആശുപത്രി അധികൃതർ അയച്ച ആളുകളെത്തി മാലിന്യം ശേഖരിച്ചു പോലീസ് സാന്നിധ്യത്തിൽ കൊണ്ടു പോയി.
ഇതിനിടയിൽ ക്ഷുഭിതരായ നാട്ടുകാർ മുദ്രാവാക്യം വിളിയും നടത്തി. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസൻകുട്ടി, വാർഡ് മെംബർ ഇ.പി. സുരേന്ദ്രൻ, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ മെംബർ ജോർജ് മുക്കള്ളിൽ, സാമൂഹ്യ-രാഷ്ട്രീയ നേതാക്കളായ വിനോദ് മമ്പാട്ടിൽ, വിനോദ് ഇത്തിൾ കുന്നുമ്മൽ, ബാബു കുളമുള്ളപറമ്പിൽ, ശശി വടക്കേക്കര, ബാബു പള്ളിക്കൂടത്തിങ്കൽ തുടങ്ങിയവർ പ്രശ്നം പരിഹരിക്കാൻ നേതൃത്വം നൽകി.
പേരാമ്പ്ര സബ് ഇൻസ്പെക്ടർ ജി.എസ്. അനിൽ, എഎസ്ഐ പി.എം. അമ്മത് എന്നിവരുടെ നേതൃത്വത്തിൽ പേരാമ്പ്ര പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. ആശുപത്രി അധികൃതരുടെ പേരിൽ കേസെടുക്കുമെന്നു എസ്ഐ ഉറപ്പുനൽകി.