പ്രത്യേക ലേഖകൻ
തൃശൂർ: ലാലൂരിൽനിന്ന് പുറന്തള്ളിയ “മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി’ ഒല്ലൂക്കര വില്ലേജിലേക്ക്. മുല്ലക്കര- മുളയം റോഡിലെ ഒരു കുന്നിലാണ് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നത്.
ഇതിനായി വിജയകമാർ, ശോഭ വിജയകുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള 6.21 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. കളക്ടർ നിശ്ചയിക്കുന്ന വിലയ്ക്കാണ് സ്ഥലം ഏറ്റെടുക്കുക.
ലാലൂരിൽനിന്നു പുറത്താക്കപ്പെട്ട മാലിന്യ പ്ലാന്റ് തങ്ങളുടെ നാട്ടിലേക്കു കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മാർച്ച് നടത്തി. ഗ്രാമസഭയിൽ ചർച്ച ചെയ്യാതെ അടിച്ചേൽപിക്കുന്ന പ്ലാന്റ് അനുവദിക്കില്ലെന്നാണു നാട്ടുകാരുടെ നിലപാട്.
പദ്ധതിക്കൈതിരേ ശക്തമായ എതിർപ്പ് ഉണ്ടാകുമെന്നു മനസിലാക്കിയ സർക്കാർ അതീവ രഹസ്യമായാണ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നത്. പദ്ധതിക്കെതിരേ നാട്ടുകാർ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല.
ഭൂമി ഏറ്റെടുത്ത് കേരള ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനു കൈമാറണമെന്നാണ് സ്പെഷൽ സെക്രട്ടറി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
ലാലൂരിൽ 15 ഏക്കർ സ്ഥലത്തു നടപ്പാക്കാനുദ്ദേശിച്ചതായിരുന്നു ഈ മാലിന്യ പ്ലാന്റ്. ലാലൂരിൽ സ്പോർട്സ് കോംപ്ളക്സ് സ്ഥാപിക്കുന്നതിനാൽ മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് മറ്റൊരിടത്തേക്കു മാറ്റാൻ നിർബന്ധിതമാകുകയായിരുന്നു.
സംസ്ഥാനത്ത എല്ലാ കോർപറേഷനുകളിലും ഇത്തരം പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പാരന്പര്യേതര മാർഗങ്ങളിലൂടെ വൈദ്യുതി ഉൽപാദനം ഭരണനേട്ടമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണിത്.