ഇരിങ്ങാലക്കുട: നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ കൂന്നുകൂടിയതോടെ പരിസരവാസികൾ “പകർച്ചവ്യാധിയുടെയും സാമൂഹ്യ വിരുദ്ധരുടെയും’ ഭീഷണിയിൽ. മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തതുമൂലം ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും എല്ലാം ഇവിടെ കുന്നുകൂടി കിടക്കുകയാണ്.
അധികാരികൾ എന്നും ഈ പ്രദേശത്തെ ജനങ്ങളെ അവഗണിക്കുകയാണെന്ന് പരിസരവാസികൾ ആരോപിച്ചു. കൊച്ചി ദിവാന്റെ കാലത്ത് മാലിന്യസംസ്കരണത്തിനായി വാങ്ങിയ അഞ്ച് ഏക്കർ 51 സെന്റ് സ്ഥലമാണ് ഇപ്പോൾ ട്രഞ്ചിംഗ് ഗ്രൗണ്ട്. ആദ്യഘട്ടങ്ങളിൽ വല്ലപ്പോഴും വരുന്ന ചപ്പുചവറുകൾ കുഴികുത്തി അതിൽ ഇട്ട് മൂടുന്ന ഒരു സംസ്കരണരീതിയിയായിരുന്നു ഇവിടെ.
പിന്നീട് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും വർധിക്കുകയും ചെയ്തതോടെ സംസ്കരണം താളം തെറ്റുകയായിരുന്നു. കുടുംബശ്രീ, ഹൈജീൻ ശ്രീ മുതലായ യൂണിറ്റുകൾ കൊണ്ടുവരുന്ന മാലിന്യങ്ങൾക്കു പുറമെ അനധികൃതമായി ആശുപത്രികളിൽ നിന്നും ഇറച്ചി-കോഴി കടകളിൽ നിന്നുമുള്ള മാലിന്യങ്ങളും ഇവിടേക്കെത്തുന്നുണ്ട്.
വേനൽകാലമായാൽ ഇടക്കിടയ്ക്ക് മാലിന്യ കൂന്പാരത്തിന് തീപിടിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇവിടത്തെ മാലിന്യങ്ങൾക്ക് തീപിടിച്ചിരുന്നു. സമീപത്തു തന്നെ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത് മൂലം തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നതിനോ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകുവാനോ ഇടയായില്ല.
യാതൊരുവിധ മാലിന്യ സംസ്കരണവും ഇപ്പോൾ ഇവിടെ നടക്കുന്നില്ല എന്നുള്ളതാണ് വസ്തുത. ഇതുമൂലം പരിസരവാസികൾ പലരും മാറാരോഗങ്ങൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിസരത്തെ ജലസ്രോതസുകൾ മുഴുവനും ഉപയോഗിക്കാൻ പറ്റാത്തവിധം മലിനമാണെന്ന് ജിയോളജി വിഭാഗത്തിന്റെ പഠനറിപ്പോർട്ടിലുണ്ട്.
സമീപത്തുള്ള സിവിൽ സ്റ്റേഷൻ, ഫയർസ്റ്റേഷൻ, ക്രൈസ്റ്റ് വിദ്യാനികേതൻ, ക്രൈസ്റ്റ് കോളജ്, സ്നേഹഭവൻ, മേരിറാണി പ്ലേ സ്കൂൾ, കോളജ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും ജീവനക്കാരും ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും ഉയരുന്ന ദുർഗന്ധത്തിന്റെയും വിഷപുകയുടെയും ഇരകളാണ്.
തെരഞ്ഞെടുപ്പാകുന്പോൾ രാഷ്ട്രീയ കക്ഷികളുടെ വാഗ്ദാനങ്ങളുമായി എത്തുമെങ്കിലും ഇവിടുത്തെ പ്രശ്നങ്ങൾക്കു ഒരു മാറ്റവുമില്ല.