ഏറ്റുമാനൂർ: ഗാന്ധിജയന്തി ദിനത്തിൽ എംജി യൂണിവേഴ്സിറ്റി വിദ്യാർഥികൾ ശേഖരിച്ച മാലിന്യം ഏറ്റുമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ കെട്ടി ക്കിടക്കുന്നു. എംജി യൂണിവേഴ്സിറ്റി വിദ്യാർഥികൾ ഏറ്റുമാനൂർ നഗരപ്രദേശത്ത് ദുർഗന്ധംപരത്തി അലക്ഷ്യമായി ഇട്ടിരുന്ന പച്ചക്കറി, പ്ലാസ്റ്റിക്ക്, മത്സ്യം തുടങ്ങിയ മാലിന്യങ്ങളാണു ശേഖരിച്ച് ചാക്കിൽ കെട്ടി വച്ചത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നഗരസഭ അത് എടുത്ത് മാറ്റാത്തത് മൂലം യാത്രക്കാർക്കും കച്ചവടക്കാർക്കും മാലിന്യങ്ങൾ തലവേദനയായിരിക്കുകയാണ്.
ശേഖരിച്ച മാലിന്യം നഗരസഭ തന്നെ സംസ്കരിച്ചു കൊള്ളാമെന്ന ഉറപ്പിൻമേലാണ് വിദ്യാർഥികൾ മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് വിവിധ ചാക്കുകളിലാക്കി കെഎസ്ആർടിസി സ്റ്റാൻഡിലെ പഴയ കെട്ടിടത്തിൽ ശേഖരിച്ചത്. എന്നാൽ ഗാന്ധി ജയന്തി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവ നീക്കം ചെയ്യാനോ, സംസ്കരിക്കാനോ നഗരസഭാ അധികൃതർ തയ്യറായിട്ടില്ല. ദിവസങ്ങൾ പിന്നിട്ടതോടെ പല തരത്തിലുള്ള മാലിന്യങ്ങൾ ചീഞ്ഞുനാറി ബസ് സ്റ്റാൻഡും പരിസരവും ദുർഗന്ധത്തിൽ മുങ്ങിയിരിക്കുകയാണെന്ന് യാത്രക്കാരും വ്യാപാരികളും പറയുന്നു.
മാലിന്യ നിക്ഷേപത്താൽ ചീഞ്ഞ് നീറുന്ന ഏറ്റുമാനൂർ നഗരത്തിന് തെല്ലെങ്കിലും ആശ്വാസം ആകട്ടെയെന്ന തീരുമാനത്തോടെയാണ് എംജി സർവകലാശാലയിലെ ഫിസിക്സ്, നാനോ സയൻസ് ഡിപ്പാർട്ട് മെന്റിലെ ഡയറക്ടർ നന്ദകുമാർ കളരിക്കലിന്റെ നേതൃത്വത്തിൽ അന്പതോളം വിദ്യാർഥികൾ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനവുമായി ഏറ്റുമാനൂരിലെത്തിയത്.
രാവിലെ മുതൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. വിദ്യാർഥികളായ ജസ്ബിൻ, മെറിൻ, നിധീഷ്, നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടികൾ. പ്രൈവറ്റ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളും, നഗര പ്രദേശവും മത്സ്യ, പച്ചക്കറി മാർക്കറ്റുകളും വൃത്തിയാക്കിയ ശേഷമാണ് വിദ്യാർഥികൾ മടങ്ങിയത്.