കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളജിനു മുൻപിലുള്ള പാതയോരത്തെ അനധികൃത കച്ചവട സ്ഥാപനങ്ങളും തട്ടുകടകളും പഞ്ചായത്ത് അധികൃതർ നീക്കം ചെയ്യുന്പോൾ മറു വശത്ത് മാലിന്യം പൊതുവഴിയിലേയ്ക്ക് ഒഴുക്കി വെല്ലുവിളിച്ച് ഹോട്ടലുകൾ.
മെഡിക്കൽ കോളജ് ബസ് സ്റ്റാന്റിനു സമീപം ആശ്രയ റോഡിന്റെ ഇടതു ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നുള്ള മലിന ജലമാണ് പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
രാത്രി കാലങ്ങളിൽ ഇവിടെ പ്രവർത്തിക്കുന്ന തട്ടുകടകളിലെ മലിനജലവും നടുറോഡിലേക്കും മറ്റും ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്.
മലിനജലം മുണ്ടാർ തോട്ടിലൂടെ ഒഴുകി മീനച്ചിലാറ്റിൽ വഴി കുടമാളൂർ പന്പ് ഹൗസ് ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളമാണ് അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേക്കും, മെഡിക്കൽ കോളജിലേക്കും കുടിവെള്ളമായി ഉപയോഗിക്കാൻ പന്പു ചെയ്യുന്നത്.
നിലവിൽ ഈ ഭാഗത്തെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും ഇരട്ടിയിലധികമാണ്. മാത്രമല്ല വെള്ളത്തിന്റെ ശുദ്ധി പരിശോധിച്ച് ജനങ്ങളെ അറിയിക്കുന്ന സംവിധാനവും നിലവിലില്ല.
വേനൽക്കാലമാകുന്നതോടെ ജലത്തിലെ മാലിന്യത്തിന്റെ അളവ് കൂടുകയും ചെയ്യും. ഈ വെള്ളം ഉപയോഗിക്കുന്നതോടെ പകർച്ചവ്യാധി പടർന്നു പിടിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.
2005 ൽ ഈ മേഖലകളിൽ മഞ്ഞപിത്തം വ്യാപകമാകുകയും, ഒരു ഡോക്ടർ ഉൾപ്പെടെ അഞ്ചു പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം നഗരസഭാധ്യക്ഷയടക്കമുള്ള ഉദ്യോഗസ്ഥർ
സ്ഥലത്തെത്തി മെഡിക്കൽ കോളജ് പരിസരത്തെ അനധികൃത കൈയ്യേറ്റങ്ങളും മലിനജലം പൊതു ഇടങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്നതും തടഞ്ഞിരുന്നു. പിന്നീട് തുടർ നടപടികൾ ഉണ്ടായതുമില്ല. ഇതോടെ എല്ലാം പഴയ രീതിയിലാകുകയും ചെയ്തു.