കൊല്ലങ്കോട്: ഗായത്രി പുഴപ്പാലത്തിനിരുവശത്തും കോഴിമാലിന്യം ഉൾപ്പെടെ മാലിന്യതള്ളൽ വീണ്ടും തുടങ്ങി. ഈ സ്ഥലത്തു റോഡിനു വീതി കുറവുമുണ്ട്. മഴചാറിയതോടെ ഇറച്ചി മാലിന്യത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് കാൽനടയാത്രക്കാർക്ക് ഏറെ വിഷമകരമായിരിക്കുകയാണ്. ഈ സ്ഥലത്ത് തെരുവുനായകൾക്കു പുറമെ വിഷപാന്പുകളും കുടുതലായി കാണപ്പെടുന്നുണ്ട്്.
തെരുവുനായകൾ പരസ്പരം കടിച്ചുകീറി ഭീഷണി ഉയർത്തതുമൂലം ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാറുമുണ്ട്. മഴ പെയ്താൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യം പുഴ വെള്ളത്തിൽ കലരുന്നുമുണ്ട്. പാലത്തിനിരുവശത്തും വടവന്നൂർ -കൊല്ലങ്കോട് പഞ്ചായത്തധികൃതർ മാലിന്യം പാടില്ലെന്ന് പരസ്യ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനം ഇതിനു പുല്ലുവിലയാണ് കൽപ്പിച്ചിരിക്കുന്നത്.
പാലത്തിൽ സോളാർ ലാന്പും ക്യാമറയും സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്തധികൃതർ നടപടി എടുക്കണമെന്നതാണ് സമീപവാസി കളുടെ ആവശ്യം.