കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിൽ റോഡരികിൽ വൻതോതിൽ മാലിന്യങ്ങൾ തള്ളിയത് കണ്ടെത്തി. മാലിന്യസംസ്കരണ രംഗത്തെ നിയമലഘനങ്ങൾ പരിശോധിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൊളച്ചേരിമുക്ക് ചേലേരി റോഡിലും നെല്ലിക്കപ്പാലം റോഡിലും സമീപത്തുള്ള പറമ്പിലും വൻതോതിൽ ജൈവ അജൈവ മാലിന്യങ്ങൾ ചാക്കുകളിലാക്കി നിക്ഷേപിച്ചതായി കണ്ടെത്തി.
കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ഹരിതകർമ്മസേനാംഗങ്ങളുമായി ചേർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മാലിന്യങ്ങൾ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവയാണെന്ന് വ്യക്തമായി.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ഹോട്ടൽ സുബൈദ, ഏവൺ ഗ്ലാസ്സ് ആൻഡ് പ്ലൈവുഡ്, ഓസോൺ ബിൽഡേർസ്, അൽ ബെയ്ക്ക് റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങൾക്ക് നിയമാനുസൃതം പിഴ ചുമത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദേശം നൽകി.
തുടർന്ന് സ്ഥാപന ഉടമസ്ഥരെ വിളിച്ചു വരുത്തുകയും മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു. ജില്ലാ എന്ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ് പരിശോധനയ്ക്ക് നേതൃത്വം നൽകി.
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. നിവേദിത, കെ.കെ. സിന്ധു, പി. റീന, എം.വി. ദീപ, എം. പ്രീത, എ. സിനി തുടങ്ങിയ ഹരിത കർമസേനാംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു. തുടർന്നും പരിശോധനകൾ ഊർജ്ജിതമായി നടത്തുമെന്ന് സ്ക്വാഡ് ലീഡർ സുധീഷ് അറിയിച്ചു.