നാദാപുരം: സ്വകാര്യവ്യക്തി പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ച ഡിവൈഎഫ്ഐ യുടെ സമരമുറ സിപിഎം നേതൃത്വത്തെ വെട്ടിലാക്കി. ഗ്രാമപഞ്ചായത്തിനെ പ്രതിഷേധമറിയിച്ച് ഉപരോധം അവസാനിപ്പിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം ഡിവൈഎഫ്ഐ അവഗണിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
തിങ്കളാഴ്ച മുഴുവന്‍ പഞ്ചായത്ത് സ്തംഭിപ്പിച്ച് നടത്തിയ സമരമാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദമായത്. പഞ്ചായത്തുകളില്‍ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട സമയത്ത് ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിച്ചത് സിപിഎം ഗ്രാമപഞ്ചായത്ത് അംഗങ്ങളിലും മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ചയാണ് കുമ്മങ്കോട് റോഡില്‍ മാലിന്യം തള്ളിയത്.
അവധി ദിനത്തില്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പഞ്ചായത്ത് കല്ലാച്ചിയിലെ “ബെയ്ക്ക് ലാന്റ്’ എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും തള്ളിയ മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.തിങ്കളാഴ്ച ഡിവൈഎഫ്ഐ ആരംഭിച്ച സമരം ഉച്ചയോടെ അവസാനിപ്പിക്കാന്‍ പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും സമരക്കാര്‍ തയാറായില്ല.
ഒടുവില്‍ ചൊവ്വാഴ്ച രാവിലെ പോലീസുമായി ചര്‍ച്ച നടത്തി ഉപരോധക്കാരെ അറസ്റ്റ് ചെയ്യാന്‍ ധാരണയാവുകയായിരുന്നു. ഉപരോധ സമരത്തിനിടെ അറസ്റ്റിലായവര്‍ പോലീസ് സ്റ്റേഷനില്‍ സമരത്തിലില്ലാത്ത യുവാവിന്റെ മേല്‍വിലാസം നല്കി ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചത് ഉത്തരവാദപ്പെട്ട പാര്‍ട്ടി പ്രവര്ത്തകന് യോജിച്ച നടപടിയെല്ലെന്ന വിമര്‍ശനവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു.
പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചര്‍ക്കെതിരെ അച്ചടക്ക സടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ് ഐ നേതാവ് തന്നെ പോലീസുകാരനെ കൈയ്യേറ്റം ചെയ്ത സംഭവം അഭ്യന്തര വകുപ്പ് കൈയ്യാളുന്ന പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും ഉപരോധ സമരവും വേണ്ടത്ര ഫലം കാണാതെ വന്നെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ഗ്രാമ പഞ്ചായത്തിനെതിരെ ഇതുവരെ നടത്തിയ സമരങ്ങളുടെ നിറം കെടുത്തുന്ന തരത്തിലുള്ളതാക്കി ഉപരോധ സമരമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മാലിന്യം തള്ളിയത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായി ചിലര്‍ നേതൃത്വത്തെ അറിയ്ച്ചിട്ടുണ്ട് .ഗ്രാമപഞ്ചായത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത് എന്നാല്‍ ഡിവൈഎഫ്ഐ നിഷേധിച്ചിട്ടില്ല സംഭവം പ്രാകൃതമാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.