വടകര : താഴെഅങ്ങാടി വലിയവളപ്പിലെ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നതായി പരാതി. ബസുകളിലെ വേസ്റ്റും മറ്റുമാണ് സെന്ററിന്റെ പല ഭാഗങ്ങളിലായി കത്തിക്കുന്നത്. ഇത് മൂലം പരിസരവാസികൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു.
ഓപ്പറേറ്റിംഗ് സെന്ററിന്റെ നിലം കോണ്ക്രീറ്റ് ചെയ്യാതെ ബസുകൾ കയറിയിറങ്ങുന്പോൾ തന്നെ പൊടിപടലങ്ങൾ കാരണം ആസ്ത്മ പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പുറമെയാണ് ബസുകളുടെ ഓയിലുകൾ ചേർന്ന മാലിന്യം കൂട്ടിയിട്ട് കത്തിച്ച് പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന പ്രവൃത്തി.
ഇതു സംബന്ധിച്ച് പല തവണ പരാതികൾ നൽകിയിട്ടും നടപടി കൈകൊള്ളാൻ നഗരസഭാ ആരോഗ്യ വകുപ്പ് തയ്യാറാകാത്തതാണ് വീണ്ടും ഇത്തരം പ്രവണതയെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റവും ഒടുവിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി നാട്ടുകാർ കണ്ടത്.
ഇത് സംബന്ധിച്ച് നഗരസഭക്കു പരാതി നൽകിയിരിക്കുകയാണ്. ആരോഗ്യ വിഭാഗം ജീവനക്കാർ ഡിപ്പോയിലെത്തി അന്വേഷണം നടത്തുകയും 48 മണിക്കൂറിനകം വിവരം രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതുമാണെന്ന് നോട്ടീസ് നൽകുകയും ചെയ്തു. നോട്ടീസിന് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ പ്രോസുക്യൂഷൻ ഉൾപ്പടെയുള്ള നടപടികൾ എടുക്കുമെന്നും നോട്ടീസിൽ പറയുന്നു.