കട്ടപ്പന: പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ വ്യത്യസ്ത നടപടിയുമായി കട്ടപ്പന നഗര സഭ. പൊതുസ്ഥലത്തുനിന്ന് ലഭിക്കുന്ന മാലിന്യത്തിൽനിന്നു മേൽവിലാസം കണ്ടെത്തി മാലിന്യം നിക്ഷേപിച്ചവരുടെ വീടുകളിൽ തന്നെ മാലിന്യം തിരികെ എത്തിക്കുകയാണ് ആരോഗ്യ വിഭാഗം.
നഗരസഭാ പരിധിക്കുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടിയുമായി നഗരസഭ ആരോഗ്യവിഭാഗം മുന്നോട്ട് പോകുന്നത്. മുൻപ് മാലിന്യങ്ങളിൽനിന്നു മേൽവിലാസങ്ങൾ ശേഖരിച്ച് പിഴയടക്കം ചുമത്തി നടപടികൾ സ്വീകരിച്ചിരുന്നു.
അതിൽനിന്നു വ്യത്യസ്തമായിട്ടാണ് ഇപ്പോൾ വേറിട്ട നടപടികളുമായി നഗരസഭാ ആരോഗ്യവിഭാഗം രംഗത്ത് വന്നിരിക്കുന്നത്. മാലിന്യം തിരികെ എത്തിക്കുന്നതിനൊപ്പം 2000 രൂപ പിഴയും ഈടാക്കും.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച കല്യാണത്തണ്ട് സ്വദേശിയുടെയും കട്ടപ്പനയാറിന്റെ സമീപത്ത് മാലിന്യം തള്ളിയ കട്ടപ്പന സ്വദേശിക്കും മാലിന്യം തിരികെ എത്തിച്ച് പിഴ ഈടാക്കി.നഗരത്തിന്റെ വിവിധ ആളനക്കമില്ലാത്ത സ്ഥലങ്ങൾ, കട്ടപ്പനയാർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന വ്യാപക്കും.