പത്തനംതിട്ട: കുന്പനാട് ഹെബ്രോൻപുരത്തെ മാലിന്യപ്രശ്നം വീണ്ടും രൂക്ഷമാകുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഈ പ്രദേശത്ത് വിസർജ്യങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ സമീപത്തെ കിണറുകളിൽ കലരുന്നതായി പരാതിയുണ്ട്. മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതും പരിസരമലിനീകരണം രൂക്ഷമാക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.
മാലിന്യപ്രശ്നം രൂക്ഷമായതിനേ തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തുകയും കിണർജലം ഉപയോഗയോഗ്യമല്ലെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു. മാലിന്യം കലരാതിരിക്കാൻ നടപടി വേണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
സ്ഥലത്തെ നിലവിലുള്ള ടോയ്ലറ്റുകൾ പൊട്ടി ഒഴുകിയാണ് മാലിന്യം വ്യാപിക്കുന്നത്. ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിൽ നിരോധന ഉത്തരവുള്ളതാണ്. മാലിന്യപ്രശ്നത്തിനു ശാശ്വതപരിഹാരം ഉണ്ടാകുന്നതുവരെ പ്രക്ഷോഭരംഗത്തു തുടരുമെന്ന് കുന്പനാട് വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രസിഡന്റ് സഖറിയ ജോണ്, വൈസ് പ്രസിഡന്റ് കെ.എം. മാത്യു, ട്രഷറാർ ജെസി സഖറിയ, പശ്ചിമഘട്ട സംരക്ഷണസമിതി പ്രതിനിധി ബിജു വി. ജേക്കബ്, ജോസഫ് വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.