കൊച്ചി: കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഖരമാലിന്യ ശേഖരണവും സംസ്കരണവും കോർപറേഷന്റെ ഉത്തരവാദിത്വമാണെന്നും പൊതുജനങ്ങൾക്കു വൃത്തിയുള്ള അന്തരീക്ഷത്തിൽ ജീവിക്കാൻ സാഹചര്യമൊരുക്കേണ്ട കടമ ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മാലിന്യവുമായി ബന്ധപ്പെട്ട പരാതികളിൽ കൊച്ചി കോർപറേഷൻ ഉറക്കം വിട്ടുണർന്നു പൊതുജനങ്ങൾ ആഗ്രഹിക്കുന്നതുപോല ജനാധിപത്യപരമായ കടമ ചെയ്യണം.
മാലിന്യ സംസ്കരണം കോർപറേഷന്റെ ഉത്തരവാദിത്വമാണെങ്കിലും കോർപറേഷനോ വാർഡ് കൗണ്‍സിലർമാരോ തങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം നിർവഹിച്ചോയെന്നു സംശയമുണ്ട്. കോർപറേഷൻ പരിധിയിൽ വൃത്തിയും ശുചിത്വവും ഉറപ്പാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുണ്ടാകാം. മാലിന്യനീക്കം കോർപറേഷന്റെ അടിസ്ഥാന കടമകളിലൊന്നാണ്. ഇതിൽ വീഴ്ച വരുത്തിയാൽ കോർപറേഷനും വാർഡ് കൗണ്‍സിലർമാരുമാണ് ഉത്തരവാദികളെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
കലൂർ വൈലോപ്പിള്ളി ലെയിനിലെ മാലിന്യം നീക്കം ചെയ്യാൻ കോർപറേഷനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു പ്രദേശവാസിയായ ഏബ്രഹാം ക്ലൻസി റോസ് നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കോർപറേഷൻ പരിധിയിൽ മാലിന്യങ്ങൾ ശേഖരിക്കാൻ വലിയ വീപ്പകൾ സ്ഥാപിക്കുകയോ വീടുകളിൽനിന്നു മാലിന്യം ശേഖരിക്കാൻ മതിയായ സൗകര്യമൊരുക്കുകയോ വേണമെന്നും കോടതി പറഞ്ഞു.
ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ദിവസവും നീക്കം ചെയ്യണം. പൊതുജനങ്ങൾ മാലിന്യം വലിച്ചെറിയാനിടയുള്ള പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിക്കണം. നഗരമേഖല വൃത്തിയായി സൂക്ഷിക്കാൻ പൊതുപ്രവർത്തനങ്ങളിൽ തല്പരരായ വ്യക്തികളുടെയും സംഘടനകളുടെയും സഹായം നിയമപരമായി സ്വീകരിക്കാം. ആറ് മാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ സ്വീകരിക്കണം. വൈലോപ്പിള്ളി ലെയിനിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടും കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്നാണു ഹർജിയിലെ ആരോപണം.
ഹർജി നൽകിയശേഷം മാലിന്യം നീക്കം ചെയ്തെന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരേ നടപടിയെടുക്കുമെന്നു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും കൊച്ചി കോർപറേഷൻ വ്യക്തമാക്കി. കൊച്ചി കോർപറേഷനെയും 64 -ാം വാർഡ് കൗണ്‍സിലർ ഗ്രേസി ജോസഫ്, 65 -ാം വാർഡ് കൗണ്‍സിലർ എം.ജി അരിസ്റ്റോട്ടിൽ എന്നിവരെയും എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.
മാലിന്യം വലിച്ചെറിഞ്ഞാൽ 25,000 പിഴ, ഒരുവർഷം തടവ്
മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കു 10,000 രൂപ മുതൽ 25,000 വരെ പിഴയും ആറ് മാസം മുതൽ ഒരു വർഷം വരെ തടവും ശിക്ഷ ലഭിക്കാം. മാലിന്യങ്ങൾ മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ശല്യമൊഴിവാക്കാൻ കേരള മുനിസിപ്പാലിറ്റി നിയമത്തിൽ ഇതടക്കം മതിയായ വ്യവസ്ഥകളുണ്ടെന്നും വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരേ നിയമപ്രകാരമുള്ള നടപടികൾ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഇവ പാലിക്കപ്പെടുന്നില്ലെന്നു കണ്ടാൽ കോർപറേഷൻ പരിധിയിൽ താമസിക്കുന്നവർക്കു കോടതിയലക്ഷ്യ നടപടി തേടി ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.