കൊച്ചി/കാക്കനാട്: ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ വൻ അഗ്നിബാധയെത്തുടർന്നു നിലച്ച മാലിന്യനീക്കം ഇന്നലെ ഭാഗികമായി പുനരാരംഭിച്ചു. വീടുകളിൽനിന്നും ഹോട്ടലുകളിൽ നിന്നുമുള്ള ജൈവമാലിന്യങ്ങൾ മാത്രമാണ് നീക്കംചെയ്തു തുടങ്ങിയത്. വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കുന്നുകൂടിക്കിടക്കുന്ന മാലിന്യം ഇനിയും നീക്കിതുടങ്ങിയിട്ടില്ല.
ഏറെ വൈകാതെ തന്നെ പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ അൻസാരി പറഞ്ഞു. ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന നീറിപ്പുകയുന്ന ഘട്ടത്തിലും ജൈവമാലിന്യങ്ങൾ ഇവിടേക്ക് കൊണ്ടുപോകുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാൽ മാലിന്യം നീക്കുന്ന വാഹനങ്ങൾ വന്നും പോയും ഇരിക്കുന്പോൾ തീ അണയ്ക്കൽ ജോലികൾക്ക് തടസമുണ്ടാകുന്നതിനാലാണ് ജൈവമാലിന്യനീക്കവും മൂന്നു ദിവസം നിലച്ചത്.
കഴിഞ്ഞ ദിവസം തീ പൂർണമായും അണയ്ക്കാൻ സാധിച്ചതിനാൽ മാലിന്യനീക്കം പുനരാരംഭിക്കാനായി. ബ്രഹ്മപുരത്തെ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ നിർദേശിച്ച സുരക്ഷാമാർഗങ്ങൾ നടപ്പാക്കിയ ശേഷമേ പ്ലാസ്റ്റിക് മാലിന്യം ഇവിടേക്ക് എത്തിച്ചുതുടങ്ങൂ.
ഇതിനായി വെള്ളിയാഴ്ച വരെയാണ് മേയർ സമയം ചോദിച്ചിട്ടുള്ളത്. മാലിന്യക്കൂനകൾ ഇളക്കി വെള്ളം ഒഴിക്കുന്നതും വാഹനങ്ങൾ കടന്നുചെല്ലാൻ സാധിക്കും വിധം റോഡുകൾ ഒരുക്കുന്നതും പൂർത്തിയായിട്ടുണ്ട്. മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ, അഞ്ചിടങ്ങളിൽ സിസിടിവി കാമറകൾ, മാലിന്യസംസ്കരണ മേഖലയിൽ ഫയർ ബ്രേക്കുകൾ എന്നിവയാണ് ഇനി ഒരുക്കാനുള്ളത്. വെള്ളം നിറയ്ക്കാനുള്ള സ്റ്റോറേജ് ടാങ്കും ഒരുക്കും.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കാനായില്ലെങ്കിൽ പകർച്ചവ്യാധികൾ വ്യാപിച്ചേക്കുമെന്ന ഭീതിയിലാണ് നഗരം. ജനവാസ മേഖലകളിൽപോലും നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് പുഴുക്കൾ വിമിക്കുന്ന നിലയിലാണ്.
പ്രദേശവാസികളാകട്ടെ മാലിന്യ വാഹനങ്ങൾ ബ്രഹ്മപുരത്തേക്ക് കടത്തിവിടില്ലെന്ന ഉറച്ച നിലപാടിലും. ഇവരുടെ പ്രതിഷേധം ഭയന്ന് രാത്രിയിലാണ് വാഹനങ്ങൾ ഇവിടേക്ക് എത്തുന്നത്.