കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചതോടെ നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യം കുമിഞ്ഞുകൂടുന്നു. മാലിന്യനീക്കം തടസപ്പെട്ടത് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്ന് ചേരുമെങ്കിലും നഗരത്തിലെ മാലിന്യം പൂർണമായും നീക്കം ചെയ്യണമെങ്കിൽ ഇനിയും ദിവസങ്ങൾ വേണ്ടിവന്നേക്കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും ഉൾപ്പെടെ മാലിന്യം നിറഞ്ഞനിലയിലാണ്.
ജൈവമാലിന്യനീക്കം കഴിഞ്ഞ ദിവസം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നെങ്കിലും വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും മറ്റും നീക്കം പൂർണമായി തടസപ്പെട്ട നിലയിലാണ്. മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലാകട്ടെ ദുർഗന്ധവും രൂക്ഷം. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങളാണ് നീക്കം ചെയ്ത് തുടങ്ങിയത്.
ഇന്നലെ രാത്രിയിൽ ഇത്തരത്തിൽ മാലിന്യവുമായെത്തിയ വാഹനങ്ങൾ ബ്രഹ്മപുരത്ത് നാട്ടുകാർ തടഞ്ഞിരുന്നു. അതിനിടെ, പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചതിനെത്തുടർന്നു നിർത്തിവച്ച ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം അഞ്ചു ദിവസത്തിനുള്ളിൽ പൂർണമായി പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നു മേയർ സൗമിനി ജെയിൻ ഇന്നലെ കൗണ്‍സിൽ യോഗത്തിൽ അറിയിച്ചു.
ഇന്നു ചേരുന്ന സർവകക്ഷി യോഗത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളും പങ്കെടുക്കും. പ്രശ്നം പരിഹരിക്കാൻ കോർപറേഷനു കഴിയാതെ വന്നാൽ വകുപ്പ് മന്ത്രിയെ ബന്ധപ്പെടാനാണ് തീരുമാനം. അതിനിടെ, കോർപറേഷനിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ കർശന നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കടകളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന ആരംഭിക്കും. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കിറ്റുകൾ സൂക്ഷിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്കിന്റെ അളവ് പരിശോധിക്കുന്നതിനായി ക്യാരി ബാഗുകളുടെ മൈക്രോ ബയോണ്‍ അളക്കാനുള്ള പത്ത് ഗേജ് മീറ്ററുകൾ വാങ്ങിയതായി മേയർ പറഞ്ഞു.
നിലവിൽ ബ്രഹ്മപുരം പ്ലാൻറിലേക്ക് ഒരു ഇലക്ട്രിക് ലൈൻ മാത്രമാണുള്ളത്. ഇതിലൂടെ മുഴുവൻ പ്രവർത്തനങ്ങളും നടത്താൻ കഴിയില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സന്ദർശനത്തിന് മുന്നോടിയായി സ്ഥാപിച്ച ലീച്ചറ്റ് പ്ലാൻറ് ഇപ്പോൾ പ്രവർത്തനരഹിതമാണ്. താൽക്കാലിക ജനറേറ്ററിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇതിനായി പ്രത്യേക മീറ്റർ വാങ്ങും. സുരക്ഷാനടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാലിന്യ പ്ലാൻറിന് 24 മണിക്കൂറും കാവൽ ഏർപ്പെടുത്തും.