കൊച്ചി: മാലിന്യകൂന്പാരമായി നോർത്ത് മാറുന്നു. കടകളിൽ നിന്നും വീടുകളിൽ നിന്നും അവിശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി കെട്ടി വഴിനീളെ ഉപേക്ഷിച്ചിരിക്കുകയാണ്. നഗരസഭ ജീവനക്കാർ മാലിന്യം എടുത്തു കൊണ്ടു പോകാൻ തയാറാകാത്തതാണ് പ്രശ്നം. ഇന്നലെ മഴ പെയ്തപ്പോഴാണ് പ്രശ്നമായത്. വെള്ളക്കെട്ടിൽ മാലിന്യമെല്ലാം കടകളിലേക്ക് ഒഴുകി കയറി. വഴിയാത്രക്കാർക്കു യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.
ചില ഹോട്ടലുകളിലെ അവിശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിലാണ്. ഇതു മൂലം നോർത്ത് ചീഞ്ഞു നാറുകയാണ്. ഇതു പരമാര റോഡിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ഒരു ദിവസം ഇവിടെ നിന്നും മാലിന്യം എടുത്തു കൊണ്ടു പോയില്ലെങ്കിൽ തന്നെ ഇതുവഴി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇതു കൂടാതെ നോർത്ത് പാലത്തിന്റെ ചുവട്ടിലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള സഞ്ചാരം തന്നെ അസഹ്യമായി കഴിഞ്ഞു.
മാലിന്യം എടുത്തു കൊണ്ടു പോയി കൊണ്ടിരുന്ന നഗരസഭ ജീവനക്കാർ തിരിഞ്ഞു നോക്കുന്നില്ല. മാലിന്യം കൊണ്ടു വന്നിടുന്നചില കടക്കാർ എടുത്തുമാറ്റണം അല്ലെങ്കിൽ പണം നൽകണമെന്നാണ് ജീവനക്കാർ പറയൂന്നതെന്നാണ് കടക്കാരുംപറയുന്നത്. ഏതായാലും കടക്കാരും വീട്ടുകാരും നാട്ടുകാരും മാലിന്യം ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇതിനൊരു പരിഹാരം വേണമെന്നാണ് കടക്കാരും വഴിയാത്രക്കാരും ആവശ്യപ്പെടുന്നത്. ഇവിടെ പ്രവർത്തിക്കുന്ന പല ഓഫീസുകളിലും ജോലി ചെയ്യാൻ സാധിക്കാത്ത വിധം ദുർഗന്ധം പടരുകയാണ്.