കൊല്ലങ്കോട്: ചുള്ളിയാർമേട് പുഴപ്പാലത്തിനു സമീപത്തായി വൻതോതിൽ പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് നീക്കം ചെയ്തു സംസ്ക്കരിക്കണമെന്ന് ആവശ്യം. മുതലമട ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് ഇരുനൂറു മീറ്റർ അകലെയാണ് മാലിന്യ കൂന്പാരമുള്ളത്.
ജില്ലയിലുടനീളം പ്ലാസ്റ്റിക് കവറുകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മാർജന യജ്ഞം സജീവമായി നടന്നു വരികയാണ്. എന്നാൽ ഇതൊന്നും അറിയില്ലെന്ന മട്ടിലാണ് മുതലമട ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നിലപാട്. കാന്പ്രത്തുള്ള ടൗണിലുള്ള വ്യാപാരികളാണ് ഇരുചക്ര വാഹനങ്ങളിൽ മാലിന്യം പുഴയ്ക്കരികിൽ നിക്ഷേക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
മഴ പെയ്യുന്ന സമയങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ സമീപ വയലുകളിലെത്തുന്നു. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളുടെ പരക്കംപാച്ചിൽ ഇരു ചക്ര വാഹനമോടിക്കുന്നവർക്ക് അപകട ഭീഷണയായിരിക്കുകയാണ്.