കൂത്താട്ടുകുളം : മാലിന്യ സംസ്കരണ പദ്ധതിയും പാതിവഴിയിൽ അവസാനിച്ചു. മാറി വരുന്ന ഭരണസമിതികൾ കൂത്താട്ടുകുളത്ത് നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ദീർഘവീഷണം ഇല്ലാത്തതിനാൽ പലതും പാതി വഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ നിർമാണമാണ് ഒടുവിൽ നിലച്ചിരിക്കുന്നത്.
2005-10 കാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന എൽ. വസുമതിയമ്മയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. കൂത്താട്ടുകുളത്തും പരിസരപ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിച്ച് ജൈവമാലിന്യങ്ങൾ പ്ലാന്റിൽ നിക്ഷേപിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഇതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്യാസ് വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്നതിനും ഉദ്ദേശിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ പ്ലാന്റിൽ നിന്നു ഉദ്ദേശിച്ചരീതിയിൽ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ല. കേരള ശുചിത്വ മിഷനിൽ നിന്ന് കൂത്താട്ടുകുളം പഞ്ചായത്തിന് ലഭിച്ച പ്ലാന്റ് രണ്ട് വർഷത്തോളം മാത്രമാണ് പ്രവർത്തിച്ചത്. സോഷ്യോ ഇക്കണോമിക് യൂണിറ്റാണ് പ്ലാന്റ് നിർമിച്ചത്.
അഞ്ചര ലക്ഷം രൂപയും ഇതിനുവേണ്ടി അന്ന് ചെലവഴിച്ചിരുന്നു. ഇതിനിടെ പ്രവർത്തിക്കാത്ത പ്ലാന്റിന് തുക ചെലവഴിച്ചത് ഓഡിറ്റ് സംഘം കണ്ടെത്തി അതിന് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.2,000 ചതുരശ്ര മീറ്റർ സ്ഥലമാണ് പ്ലാന്റിനായി ആവശ്യമുള്ളത്. ടൗണിൽ മാത്രം പ്രതിദിനം 10 ടണ്ണിലധികം മാലിന്യമാണ് നഗരസഭ നീക്കം ചെയ്യുന്നത്.
തിരുമാറാടി, പാലക്കുഴ, വെളിയന്നൂർ പഞ്ചായത്തുകളിൽ നിന്നുള്ള മാലിന്യങ്ങളും കൂത്താട്ടുകുളം ടൗണിലെത്തുന്നുവെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. മാംസവശിഷ്ടങ്ങളടക്കം ഇരുട്ടിന്റെ മറവിൽ കൂത്താട്ടുകുളം ടൗണിൽ ചാക്കുകളിലാക്കി മാലിന്യം തള്ളാറുണ്ട്. ഇതേ തുടർന്നാണ് മാലിന്യം സംസ്കരണ പ്ലാന്റ് നിർമിക്കാൻ അധികൃതർ തയാറായത്.
എന്നാൽ രണ്ടു വർഷം മാത്രമാണ് പ്ലാന്റ് പ്രവർത്തിച്ചുള്ളു. പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ പ്രദേശമാകെ മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയാണ് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയാത്തതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.