കോതമംഗലം: നഗരത്തിലെ മാലിന്യം നീക്കം ചെയ്തിട്ടു നാലു ദിവസം പിന്നിട്ടു. തിരക്കേറിയ പ്രധാന കേന്ദ്രങ്ങളിലുൾപ്പെടെ മലിന്യക്കൂന്പാരങ്ങൾ കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുകയാണ്. നഗരത്തിലെ മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിച്ചിരുന്നത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടിപ്പർ ലോറികളും ഒരു ട്രാക്ടറുമാണ്. ലോറികളിൽ ഒരെണ്ണം മാസങ്ങളായി വർക്ക്ഷോപ്പിൽ കട്ടപ്പുറത്താണ്.
രണ്ടാമത്തെ ലോറിയും കഴിഞ്ഞ ശനിയാഴ്ച തകരാർമൂലം വർക്ക്ഷോപ്പിലായി. അവശേഷിക്കുന്ന ട്രാക്ടറിന്റെ ഡ്രൈവർ അവധിയുമെടുത്തതിനാലാണ് നഗരം ചീഞ്ഞു നാറുന്നത്.തിരക്കേറിയ ബസ്സ്റ്റാൻഡിലും ജംഗ്ഷനുകളിലും മാലിന്യം കെട്ടികിടക്കുകയാണ്.
ശൂചീകരണവിഭാഗം ജീവനക്കാരും, കുടുബശ്രീ വിഭാഗവുമാണ് ടൗണിൽനിന്നു മാലിന്യം ശേഖരിക്കുന്നത്. ഇവ ലോറികളിലും ട്രാക്ടറിലുമായി കുന്പളത്തുമുറിയിലെ ഡന്പിംഗ് യാർഡിലെത്തിക്കുകയാണ് ചെയ്യുന്നത്. സ്വന്തം വാഹനങ്ങളുടെ അഭാവത്തിൽ മാലിന്യങ്ങൾ നീക്കുവാൻ പകരം സംവിധാനം എന്ന നിലയിൽ ഇന്നലെ ഒരു ലോറി വാടകയ്ക്കെടുത്തെങ്കിലും മാലിന്യനീക്കം കാര്യക്ഷമമായിട്ടില്ല.
പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത നിലനിൽക്കുന്പോഴും മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട അധികാരികൾ അനാസ്ഥ കാണിക്കുകയാണെന്ന് വ്യാപാരികൾക്കും നാട്ടുകാരും കുറ്റപ്പെടുത്തി.