കോട്ടയം: ജില്ലയിലെ അറവു മാലിന്യങ്ങൾ മത്സ്യതീറ്റയും ജൈവവളവുമാക്കുന്നു. പൊതു സ്ഥലങ്ങളെയും ജലാശയങ്ങളെയും മലിനമാക്കുന്ന അറവു മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്ക്കരിക്കുന്ന വിപുല പദ്ധതിക്കു ജില്ലയിൽ തുടക്കമായി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ക്ലീൻ കോട്ടയം-ഗ്രീൻ കോട്ടയം സന്പൂർണ മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ പുതിയ സംവിധാനം നിലവിൽ വരുന്നത്.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് പ്രോട്ടീൻസ് എന്ന കന്പനിയാണ് ജില്ലയിലെ അറവു ശാലകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നത്.
ശേഖരിക്കുന്ന മാലിന്യങ്ങൾ ശീതികരിച്ച് പ്ലാന്റുകളിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് മത്സ്യത്തീറ്റ, ജൈവവളം തുടങ്ങിയ മറ്റ് ഉത്പന്നങ്ങളാക്കി മാറ്റും. ആദ്യ ഘട്ടത്തിൽ ജില്ലയിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സംസ്കരണ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.
ജില്ലാ പഞ്ചായത്ത് ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത് ശുചിത്വ മിഷനാണ്.
പുതിയ മാലിന്യ സംസ്കരണ സംവിധാനവുമായി സഹകരിക്കുന്ന കടകൾക്കു മാത്രമേ തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ് പുതുക്കി നൽകൂ. പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് അതതു പ്രദേശങ്ങളിലെ ഹെൽത്ത് ഇൻസ്പെക്്ടർമാർ കടകളുടെ പ്രവർത്തനം വിലയിരുത്തും.
അയ്മനംപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ വീഡിയോ കോണ്ഫറൻസിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.