കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതു നിത്യസംഭവമാകുന്നു. നഗരത്തിലെ ഇടറോഡുകളിലും വീടുകളില്ലാത്ത പുരയിടങ്ങളിലുമാണു മാലിന്യങ്ങൾ ചാക്കിലും കറുത്ത പ്ലാസ്റ്റിക് കൂടുകളിലുമാക്കി നിക്ഷേപിക്കുന്നത്. മിക്കപ്പോഴും കടകൾ, ബേക്കറികൾ, ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇത്തരത്തിൽ കൊണ്ടുവന്നു തള്ളുന്നത്. രാത്രികാലങ്ങളിലാണു മിക്കപ്പോഴും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.
പല സ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സാമൂഹിക വിരുദ്ധരെ പിടികൂടാൻ കാമറകൾ സ്ഥാപിച്ചതോടെയാണു ഇത്തരക്കാർ ആളൊഴിഞ്ഞ പുരയിടങ്ങൾ തെരഞ്ഞെടുത്തത്. നഗരത്തിലും പരിസര പ്രദേങ്ങളിലും രാത്രികാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കോട്ടയം ചാലുകുന്ന് സിഎൻഐ – കൊച്ചാന റോഡരികിലെ പുരയിടത്തിൽ മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കൊച്ചാനപാലത്തിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടമാണ് മാലിന്യ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത്. റോഡിലൂടെ നടക്കുന്നവർക്കും സമീപത്തെ താമസക്കാരുമാണ് രൂക്ഷഗന്ധത്തിൽ വലയുന്നത്.
താഴത്തങ്ങാടി ഭാഗത്തുള്ള ചിലരാണ് മാലിന്യം നിക്ഷേപിക്കുന്നതെന്നു പറയുന്നു. കുമരകം റോഡിൽ നിന്ന് അറുത്തുട്ടി ജംഗ്ഷനിൽ നിന്ന് പഴയ സെമിനാരി ഭാഗത്തേക്കുപോകുന്നത് കൊച്ചാനപാലത്തിലൂടെയാണ്.