മെഡിക്കല്‍കോളജ്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വര്‍ഷങ്ങളായുള്ള മലിനജല ശുചീകരണത്തിന് ശാശ്വതപരിഹാരമായി നിര്‍മിച്ച സംഭരണ കിണര്‍ പ്രവര്‍ത്തന സജ്ജമായങ്കിലും മായനാട്ടെ കിണറുകളില്‍ ഇപ്പോഴും ബാക്ടീരിയ നിറഞ്ഞ വെള്ളം തന്നെ. മെഡിക്കല്‍ കോളജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും മലിനജലം ഒഴുക്കി വിടുന്നത് മായനാട്ടെയും കോവൂരി ലെയും ഗ്രൗണ്ടിലേക്കും കുളങ്ങളിലെക്കുമാണ്.
ഇതുമൂലം വര്‍ഷങ്ങളായ മാലിന്യത്തിന്റെ ദുരിതമനുഭവിക്കുകയാണ് ഇവര്‍. മാലിന്യം കാരണം പ്രദേശത്തെ കിണറുകളെല്ലാം ഉപയോഗശൂന്യമായി. കൃഷി സ്ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ പറ്റാതെയായി. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും ഭൂഗര്‍ഭ ജലം സംരക്ഷിക്കുവാനും ഉദ്ദേശിച്ച് പുതുതായി നിര്‍മിച്ച സംഭരണി പ്രവര്‍ത്തനസജ്ജമാകുന്നതോടെ മായനാട്ടേക്കുള്ള മലിനജലത്തിന്റെ ഒഴുക്ക് ഒരു പരിധിവരെ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ.
കൂടാതെ പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം കനോലി കനാലിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനിച്ചതെങ്കിലും അതും നടപ്പിലായിട്ടില്ല.മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം എട്ട് മീറ്റര്‍ ആഴത്തോടെയും 4.50 മീറ്റര്‍ വ്യാസവുമായി നിര്‍മിച്ച ടാങ്കില്‍ മെഡിക്കല്‍ കോളജ് , ഐ.എംസിഎച്ച് ,സൂപ്പര്‍ സ്പെഷ്യാലിറ്റി തുടങ്ങിയ സ്ഥലത്തെ മലിന ജലമാണ് സംഭരിക്കുന്നത്. മലിന ജലം ഇവിടെ നിന്ന് കോളജ് ഗ്രൗണ്ടിന് സമീപത്തെ രണ്ട് എംഎല്‍ഡി ( ഒരു ദിവസം ദശലക്ഷം ലിറ്റര്‍വ ) ശുദ്ധീകരണ ശേഷിയുള്ള പ്ലാന്റിലേക്ക് മാറ്റി ശുദ്ധീകരിക്കുന്നു.
ഇപ്പോഴുള്ള പ്ലാന്റിന് ഒരു ദിവസം 20 ലക്ഷം ലിറ്റര്‍ (രണ്ട് എംഎല്‍ഡി) വെള്ളം കൈകാര്യം ചെയ്യാനുള്ള ശേഷിയാണ്. ഇത് താമസിയാതെ നാല് എംഎല്‍ഡി ആയി ഉയര്‍ത്തും.എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 25 ലക്ഷവും മറ്റ് ഏഴ് എംഎല് എമാരുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് പത്ത് ലക്ഷം വീതവുമാണ്പ്ലാന്റിനായി ചെലവഴിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയായത്. ആദ്യമുണ്ടായിരുന്ന കിണറിന്റെ സംഭരണശേഷി കുറവായതിനാല്‍ മലിന ജലം സംഭരിക്കാന്‍ സാധിച്ചിരുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരമായാണ് ഐഎംസിഎച്ചിന് സമീപം 95 ലക്ഷം ചെലവില്‍ സംഭരണ കിണര്‍ നിര്‍മിച്ചത്. എന്നാല്‍ അതും ഉദ്ദേശിച്ചഫലം ചെയ്യുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.
മെഡിക്കല്‍ കോളേജിലെ സീറോ വെയിസ്റ്റ് മെഡിക്കല്‍ കോളജ് പദ്ധതിയുടെ ഒന്നാം ഘട്ടമാണ് സംഭരണ ടാങ്കിന്റെ നിര്‍മ്മാണത്തോടെ പ്രാവര്‍ത്തികമായിരിക്കുന്നത്. കിണര്‍ നിര്‍മിക്കുന്ന രണ്ടാം ഘട്ടത്തില്‍ 14 കോടി രൂപ ചെലവഴിച്ചുള്ള കോളജിന് സമീപത്തുള്ള പ്ലാന്റും ദന്തല്‍ കോളജില്‍ മലിനജലശുചീകരണ കേന്ദ്രവും നിലവിലെ പ്ലാന്റിന് സമീപത്ത് നിര്‍മ്മിക്കുന്ന പ്ലാന്റും വരുന്നതോടെ മലിന ജലം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ മൂന്നാം ഘട്ടത്തില്‍ 6.40 കോടി രൂപ ചെലവഴിച്ച് ഖരമാലിന്യ സംസ്കരണത്തിനുള്ള ഇന്‍സിനറേറ്ററും ഓടകളുടെ നവീകരണവുമാണ് ലക്ഷ്യമിടുന്നത്.