കുമരകം: കുമരകം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. കോട്ടയം – കുമരകം റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. കുമരകം പെട്രോൾ പന്പു മുതൽ ചെങ്ങളം മൂന്നുമൂല വരെയുള്ള റോഡിനിരുവശങ്ങളിലുമാണ് മാലിന്യങ്ങൾ നിരന്നു കിടക്കുന്നത്. കോഴി, മത്സ്യം, തുണി, പ്ലാസ്റ്റിക്, കക്കുസ് മാലിന്യങ്ങളാണു രാത്രിയിലും പുലർച്ചെയും വാഹനങ്ങളിലെത്തിച്ച് റോഡരികിൽ തള്ളുന്നത്.
റോഡിനിരുവശങ്ങളിലുമുള്ള പാടശേഖരങ്ങളിൽ പുഞ്ചകൃഷി ഇറക്കിയിരിക്കുകയാണ്. മാലിന്യങ്ങളുടെ അവശിഷ്ടം മഴ പെയ്യുന്നതോടെ ഒഴുകി പാടത്ത് വ്യാപിക്കുന്നത് കർഷകർക്കും കർഷക തൊഴിലാളികൾക്കും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പുലർച്ചെ ദിവസവും നിരവധിയാളുകൾ പ്രഭാത സവാരി നടത്തി വരുന്ന റോഡു കൂടിയാണിത്. മുക്കു പൊത്തി ഒരു കൈ മാത്രം വീശിയാണിപ്പോൾ പ്രഭാത സവാരി.
ക്ലീൻ കുമരകം പദ്ധതിയുമായി പഞ്ചായത്തും സന്നദ്ധ സംഘടനകളും വിനോദ സഞ്ചാര വകുപ്പും മുന്നോട്ടു പോകുന്പോഴാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അരങ്ങേറുന്നത്. ചാക്കുകളിലും വലിയ പ്ലാസ്റ്റിക്ക് കിറ്റുകളിലും കെട്ടിയാണു മാലിന്യം റോഡരികിൽ തള്ളുന്നത്.
പല തവണ തൊഴിലുറപ്പു തൊഴിലാളികൾ വൃത്തിയാക്കുകയും ചെടികൾ നട്ടു മോടിപിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത റോഡിനിരുവശവും ഇപ്പോൾ കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞു. പ്രദേശത്ത് സിസിടിവി കാമറകൾ സ്ഥാപിച്ചു മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.