കുന്നംകുളം: കുന്നംകുളത്തെ സിപിഎമ്മിലെ ഉൾപോരാണ് കുറുക്കൻപാറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം വാർഡ് കൗണ്‍സിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ തെളിയുന്നതെന്ന് നഗരസഭയിലെ ആർഎംപി കൗണ്‍സിലർമാർ പറഞ്ഞു.
നഗരസഭ ഭരണ നേതൃത്വത്തിന്റെ പല പ്രവർത്തികളിലും സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പാണ് നിലനില്‍ക്കുന്നത്. ഇതിന്റെ ബാക്കിയാണ് കുറുക്കൻപാറയിൽ ഉണ്ടായത്. ഭരണപക്ഷത്തെ വാർഡ് കൗണ്‍സിലറെ മുന്നിൽ നിർത്തി സിപിഎമ്മിലെ എതിർവിഭാഗം നടത്തിയ കളികൾ കുന്നംകുളത്ത് കൃത്യമായി നടന്നിരുന്ന മാലിന്യ നീക്കങ്ങളെയാണ് സാരമായി ബാധിച്ചത്.
ഇത്തരം ഭിന്നതകൾ കാണിക്കാനുള്ള ഇടമല്ല നഗരസഭ. വാർഡ് കൗണ്‍സിലർ വിദ്യ രഞ്ജിത്തിന്റെയും, ഭർത്താവ് രഞ്ജിത്തിന്റെയും പേരിൽ നിയമ നടപടികൾ കൈക്കൊള്ളണം. ഇതിൽ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ക്യത്യവിലോഭം കാണിച്ചിരിക്കുകയാണെന്നും, ഇതിനെതിരെ നിയമനപെടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഉന്നതതലങ്ങളിൽ പരാതി നല്‍കുമെന്നും ആർ എം.പി കൗണ്‍സിലർമാരായ കെ.എ സോമൻ, കെ.കെ ബിനീഷ്, ബീന രവി എന്നിവർ വ്യക്തമാക്കി.