അമ്പലപ്പുഴ:കുറവൻതോട്ടിൽ മാലിന്യ കൂമ്പാരം. ദുർഗന്ധം കൊണ്ട് പൊറുതി മുട്ടി നാട്ടുകാർ. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന കുറവൻതോട് ജംഗ്ഷൻ മുതൽ കിഴക്കോട്ട് കിടക്കുന്ന തോട്ടിലാണ് മാലിന്യങ്ങൾ കുമിഞ്ഞ് കൂടി ദുർഗന്ധം വമിക്കുന്നത്.ഈ തോടിനോട് ചേർന്നുള്ള പഴയ നടക്കാവ് റോഡിന് വേണ്ടിയുള്ള കൽക്കെട്ട് പിച് നിർമ്മാണത്തിന്റെ മാലിന്യങ്ങൾ ഗ്രാമ പഞ്ചായത്ത് നീക്കം ചെയ്തു കൊടുക്കാത്തതിനാൽ നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ് .
കുറവൻതോട് ജംഗ്ഷൻ മുതൽ കിഴക്ക് വെള്ളാപ്പള്ളി മുക്ക് വരെ റോഡിന് വീതി കൂട്ടുന്നതിനായി പിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്നാൽ ആഴ്ചകളായി പഞ്ചായത്തിനോട് പിഡബ്ളിയുഡി കുറവൻതോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ ആവശ്യപ്പെട്ടങ്കിലും പഞ്ചായത്ത് അധികാരികൾ മാലിന്യം നീക്കം ചെയ്യുവാൻ നടപടി സ്വീകരിക്കാത്തതിനാൽ പിച്ച് നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല.
പിച്ച് നിർമ്മാണം കഴിഞ്ഞാൽ മാത്രമെ പഴയ നടക്കാവ് റോഡിന്റെ നിർമ്മാണം പൂർത്തികരിക്കാൻ പിഡബ്ളിയുഡി ക്ക് കഴിയുകയുള്ളു .ഈ റോഡിലൂടെ ദിവസേന നൂറ് കണക്കിന് സ്കൂൾ വിദ്യാർത്ഥികളടക്കം ഉള്ളവർ കാൽനടയായി സഞ്ചരിക്കുന്നു. റോഡിൽ പൊടിപടലം മൂലം യാത്ര ചെയ്യുവാൻ വയ്യാത്ത അവസ്ഥയാണുള്ളത് .ഈ ഭാഗത്തുള്ള റോഡ് പൊളിച്ചിട്ട് മാസങ്ങളായി .
കുറവൻതോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുകയും രാത്രിയുടെ മറവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടി ശിക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .ഈ ആവശ്യങ്ങൾ ഉന്നയിച്ചു കുറവൻതോട് റെസിഡൻസ് അസ്സോസിയേഷൻ അധികാര കേന്ദ്രങ്ങളിൽ പരാതി നൽകാൻ തീരുമാനിച്ചു.