ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ അതിതീവ്രപരിചരണ വിഭാഗത്തിനു സമീപമുള്ള ലിഫ്റ്റുവഴി ആശുപത്രി മാലിന്യം കടത്തുന്നതായി പരാതി. വൈക്കം വെളളൂർ വരിക്കാംകുന്ന് പോഴവേലിൽ കെ.വി. തങ്കമണിയാണ് ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് പൊതു താല്പര്യ ഹർജി നല്കിയത്.
കോട്ടയം മെഡിക്കൽ കോളജിലെ ഒൻപതാം വാർഡിനോടു ചേർന്നുള്ള എമർജൻസി ക്രിട്ടിക്കൽ കെയർ യൂണിറ്റിനു സമീപമുള്ള ലിഫ്റ്റു വഴിയാണ് ആശുപത്രി മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യം കടത്തിക്കൊണ്ടു പോകുന്നത്. ഈ പ്രദേശം അണുവിമുക്ത മേഖല ആണെന്നുളള ബോർഡും സമീപത്തു വച്ചിട്ടുണ്ട്.
അതുകൊണ്ട് ആശുപത്രി അധികൃതരുടെ അറിവോ സമ്മതമോ മാലിന്യം കടത്തിക്കൊണ്ടു പോകുന്നതിൽ ഉണ്ടാകാനിടയില്ലെന്നും പരാതിയിൽ പറയുന്നു. ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികളുടെ സമീപത്തുകൂടിയാണു ഇത്തരം മാലിന്യങ്ങൾ കടത്തുന്നത്.
മാലിന്യം സ്ട്രെച്ചറിലും ട്രോളിയിലും കയറ്റിയാണ് ലിഫ്റ്റ് വഴി താഴേയ്ക്കു കൊണ്ടു പോകുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും സിസിടിവി കാമറ പരിശോധിച്ച് നടപടി എടുക്കണമെന്നും ലിഫ്റ്റ് വഴി മാലിന്യം കടത്തുന്നത് തടയണമെന്നുമാണ് പരാതിയിൽ പറയുന്നത്.