വടകര: കോഴി മാലിന്യവുമായി ദുർഗന്ധം പരത്തി എത്തിയ കണ്ടെയിനർ ലോറി നാട്ടുകാർ തടഞ്ഞു. സ്ഥലത്തെത്തിയ പോലീസ് മറ്റു നടപടികൾക്കൊന്നും തുനിയാതെ വാഹനം വിട്ടയച്ചു. രൂക്ഷമായ നാറ്റം സഹിക്കാനാവാത്ത സ്ഥിതിയായിരുന്നു.
കാസർകോട് ചെറുവത്തൂരിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക് കോഴി മാലിന്യവുമായെത്തിയ ലോറിയാണ് ദേശീയപാതയിൽ ചോറോട് പുഞ്ചിരിമില്ലിനു സമീപം തിങ്കളാഴ്ച രാത്രി പതിനൊന്നോടെ നാട്ടുകാർ തടഞ്ഞത്.
കൈനാട്ടി ജംഗ്ഷനിൽ ലോറി നിർത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്. ലോറി മുന്നോട്ടെടുത്തപ്പോൾ യുവാക്കൾ വാഹനങ്ങളിൽ പിന്തുടർന്ന് പുഞ്ചിരിമില്ലിനു സമീപം തടയുകയായിരുന്നു.
പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്നറിയുന്നത്. അപ്പോഴേക്കും പരിസരം ദുർഗന്ധത്തിൽ മുങ്ങി. സ്ഥലത്തെത്തിയ വടകര പോലീസ് വാഹനത്തിലുണ്ടായിരുന്നവരിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. മാലിന്യം മലപ്പുറത്തേക്ക് കൊണ്ടുപോവുകയാണെന്ന് ഇയാൾ പോലീസിൽ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നു പേരും രണ്ടു മലയാളികളുമാണ് ലോറിയിൽ. മാലിന്യം വഴിയിൽ എവിടെയെങ്കിലും തള്ളുന്നത് ഒഴിവാക്കാനാണ് യുവാക്കൾ ഇടപെട്ടത്. പോലീസാവട്ടെ ഇവർക്കെതിരെ മറ്റു നടപടിക്കൊന്നും നിൽക്കാതെ വിട്ടയക്കുകയായിരുന്നു.
ഇവർക്കെതിരെ കേസെടുക്കണമെന്നും ആരോഗ്യവിഭാഗം സ്ഥലത്തെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെ വാഹനം പോലീസ് വിട്ടുകൊടുക്കുകയായിരുന്നുവെന്നു പറയുന്നു.