മണർകാട്: മണർകാട് ഐരാറ്റുനടയിലെ റോഡരികിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു.മാലിന്യ നിക്ഷേപം റോഡരികിൽ പതിവാകുന്നതിനെ തുടർന്ന് റോഡരികിലെ കാട് തെളിച്ച് മണ്ണിട്ട് നികത്തി വൃത്തിയാക്കിയിരുന്നു. മാലിന്യശേഖരണത്തിന്റെ ഭാഗമായി റോഡരികിൽ മിനി എംസിഎഫ് സ്ഥാപിച്ചിരുന്നു.
മാലിന്യങ്ങൾ നിറഞ്ഞു കിടന്ന മിനി എംസിഎഫിന് മുന്നിൽ വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവായിരുന്നു. ഇതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മിനി എംസിഎഫ് ഇവിടെ നിന്നും മാറ്റുകയും ചെയ്തു.
ഇടവേളയ്ക്ക് ശേഷം വീണ്ടും റോഡിൽ മാലിന്യങ്ങൾ നിറഞ്ഞ സ്ഥിതിയാണ്. റോഡിനിരുവശവും കാട് നിറഞ്ഞതിനാൽ വാഹനങ്ങളിൽ എത്തുന്നവർ മാലിന്യങ്ങൾ വലിച്ചെറിയുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ, കവറുകൾ, പേപ്പറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് റോഡരികിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത്. തെരുവ് നായ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.
ഇവ ഇരുചക്ര വാഹന യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല.രാത്രികാലങ്ങളിൽ നിരവധി തെരുവ് നായകളാണ് ഇവിടെ തന്പടിച്ചിരിക്കുന്നത്.
റോഡിന് ഇരുവശത്തും പാടശേഖരമായതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വഴി വിളക്കുകൾ ഇല്ലാത്തതും കാരണമാകുന്നു. അസഹ്യമായ ദുർഗന്ധവും വമിക്കാറുണ്ട്.
മാലിന്യ നിക്ഷേപം തടയുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാകുന്നു.