മുണ്ടക്കയം: കൊറോണ ഭീതിക്കിടയിലും മുണ്ടക്കയം ടൗണിലെ മാലിന്യങ്ങൾ മണിമലയാറ്റിലേക്ക് ഒഴുകിയെത്തുന്നു. ഉറക്കം നടിച്ച് ആരോഗ്യ വകുപ്പ്.
രാജ്യം കൊറോണയടക്കം പകർച്ചവ്യാധിയുടെ പിടിയിലമരുന്പോഴും മാലിന്യം ജലസ്രോതസിലേക്ക് ഒഴുക്കി നാടിനെ മലിനമാക്കുന്നത് കണ്ടില്ലായെന്നു നടിക്കുന്ന ആരോഗ്യ വകുപ്പിനെതിരേ പ്രതിഷേധം വ്യാപകമായി.
മുണ്ടക്കയം ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ, ടൗണിലെ നൂറു കണക്കിനു വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ഇതെല്ലാം തള്ളുന്നത് ടൗണിലെ പൊതു ഒാടയിലേക്കാണ്.
ഇതാവട്ടെ ഒഴുകിയെത്തുന്നത് കോസ്വേ പാലത്തിനു സമീപം ബൈപാസിന് അടിയിലൂടെ മണിമലയാറ്റിലേക്കും. പൊതു ഒാടയിലൂടെ വരുന്ന മാലിന്യങ്ങൾ ബൈപാസിന് താഴെ കരിങ്കൽ കെട്ടിനടിയിൽ സ്ഥാപിച്ച കൂറ്റൻ കോണ്ക്രീറ്റ് പൈപ്പിലൂടെയാണ് മണിമലയാറ്റിലേക്ക് ഒഴുകിയെത്തുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ വേനൽമഴയിൽ കെട്ടിക്കിടന്ന മലിന ജലം വറ്റിവരണ്ട മണിമലയാറ്റിൽ ഒഴുകിത്തുടങ്ങി. ഇതേ തുടർന്ന് ഉപ്പുനീറ്റു കയത്തിലേക്കാണ് ഈ മലിന ജലം ഒഴുകി എത്തിയിരിക്കുന്നത്.
ഈ ഉപ്പുനീറ്റു കയത്തിൽനിന്ന് വെളളം പന്പു ചെയ്താണ് വാട്ടർ അതോറിറ്റി നാടിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകളിലും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളമായി എത്തിക്കുകയും ചെയ്യുന്നത്.
ഉപ്പുനീറ്റുകയത്തിലെ വെളളം ഉപയോഗിക്കുന്നവർക്ക് ചൊറിച്ചിൽ പോലുളള അലർജി രോഗങ്ങളും പടർന്നു പിടിച്ചിട്ടുണ്ട്. ടൗണിൽനിന്നും ഓടയിലൂടെ ഒഴുക്കുന്ന മാലിന്യം പലപ്പോഴും മഞ്ഞ പ്പിത്തം, ഡെംഗിപ്പനി പോലുള്ള പകർച്ചവ്യാധികൾക്ക് മുന്പ് കാരണമായിട്ടുണ്ട്.
പകർച്ച വ്യാധികളിൽ മരണം സംഭവിച്ചിട്ടുള്ളതും മുണ്ടക്കയത്താണ്.
കൊറോണ ഭീതി ആളുകളിൽ പടർന്നപ്പോൾ ബോധവത്കരണ സെമിനാർ മാത്രം നടത്തി ആരോഗ്യ വകുപ്പ് തലയൂരുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
രണ്ടു വർഷത്തിനിടയിൽ ഒരു തവണപോലും ക്ലോറിനേഷൻ നടത്താൻ പോലും ഇവർ തയാറായിട്ടില്ല. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധമൊരുക്കാൻ തയാറാവുകയാണ് നാട്ടുകാർ. പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലാണ് പ്രദേശം.