മരട്: പൊതുനിരത്തു വക്കുകളിലും ഒഴിഞ്ഞ പറമ്പുകളിലും മാലിന്യം കുമിഞ്ഞുകൂടിയതോടെ മരട് നഗരസഭാ പരിധിയിൽ ജീവിതം ദുസ്സഹമായെന്ന് ആക്ഷേപം. മാലിന്യ ശേഖരണവും സംസ്കരണവും നിലച്ചതോടെ ഇവ ഉപേക്ഷിക്കാൻ ഇടമില്ലാതെ വന്നതാണ് പൊതുസ്ഥലങ്ങൾ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയത്.
നേരത്തെ കുടുംബശ്രീയുമായി സഹകരിച്ചാണ് നഗരസഭ മാലിന്യം ശേഖരിച്ച് സംസ്കരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ പ്രവർത്തനത്തിൽ നിന്നു കാര്യമായ വരുമാനം ലഭിക്കാത്തതിനാൽ കുടുംബശ്രീ അംഗങ്ങൾ പിൻവലിഞ്ഞതാണ് മാലിന്യം കുന്നുകൂടിക്കിടക്കാൻ കാരണം. നെട്ടൂർ, കുണ്ടന്നൂർ, മരട് പ്രദേശങ്ങളിൽ നൂറോളം ഇടങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ കുമിഞ്ഞുകൂടി.
ചീഞ്ഞഴുകിയ ഇവ കാക്കകളും തെരുവു നായ്ക്കളും കൊത്തിവലിച്ച് നാലുപാടും ചിന്നിച്ചിതറിയതിനാൽ എലിപ്പനിയും മറ്റു പകർച്ചവ്യാധികളും പടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നെട്ടൂർ പ്രദേശത്താണ് പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം ഏറെയും. ദേശീയപാതയിലെ അടിപ്പാതകളുടെ ഇരുവശങ്ങളും മാലിന്യം കുമിഞ്ഞുകൂടായതിനാൽ കാൽനടയും വാഹന യാത്രയും പോലും ദുഷ്കരമാണെന്ന് നാട്ടുകാർ പറയുന്നു.
സർവീസ് റോഡുകളുടെ വശങ്ങൾ, ഒഴിഞ്ഞ പറമ്പുകൾ, കായൽ തീരങ്ങളിലെ തുറസായ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം മാംസാവശിഷ്ടങ്ങൾ ഉൾപ്പടെ ജൈവ മാലിന്യങ്ങളും, പ്ലാസ്റ്റിക്, കുപ്പികൾ ഉൾപ്പെടെ അജൈവ മാലിങ്ങളും വൻതോതിൽ കുമിഞ്ഞുകൂടിക്കിടക്കുന്ന അവസ്ഥയാണ്.മരടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഈ സംവിധാനം നിലച്ച അവസ്ഥയിലാണ്.
ഫ്ലാറ്റുകളിലും മറ്റും മലിനജലവും, മറ്റു മാലിന്യങ്ങളും സംസ്കരിക്കാൻ സംവിധാനം വേണമെന്ന് നിബന്ധനയുണ്ടെങ്കിലും മിക്ക ഇടങ്ങളിലും ഇതില്ല. ഇവിടങ്ങളിൽ താമസിക്കുന്ന ചിലർ മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് പൊതുസ്ഥലത്ത് വലിച്ചെറിയുന്ന അവസ്ഥയാണിപ്പോൾ.
പ്രദേശത്തെ ഹോട്ടലുകളിൽ നിന്നു വ്യാപാര സ്ഥാപനങ്ങളിൽനിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങളും മലിനജലവും പൊതു സ്ഥലങ്ങളിലും കാനകളിലുമാണ് വന്നെത്തുന്നത്. മാലിന്യ സംസ്കരണ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ മരടിൽ പകർച്ചവ്യാധി ഉൾപ്പടെ പടർന്നുപിടിക്കുമെന്ന ആശങ്കയാണ് ജനം.