മട്ടന്നൂർ: കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂർ മാലിന്യ മുക്തമാക്കുന്നതിന്റെ പ്രവർത്തനവുമായി നഗരസഭ. വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ആരോഗ്യ വിഭാഗം സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. മട്ടന്നൂർ നഗരം ക്ലീൻ സിറ്റിയിക്കുന്നതിന്റെ പ്രവർത്തനങ്ങളാണ് നഗരസഭ ഭരണ സമിതി നടത്തി വരുന്നത്.
റോഡരികിലും മറ്റും മാലിന്യം വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതും തടയാൻ ഹരിത കർമസേനയെ നിയോഗിച്ചു വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കാൻ തുടങ്ങിയിരുന്നു. ഇത്തരം സംവിധാനമുണ്ടായിട്ടും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി ശിക്ഷ നൽകാനാണ് നഗരസഭ രംഗത്ത് വന്നിരിക്കുന്നത്.
മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരം, ഇരിട്ടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും മാലിന്യം നിക്ഷേപിക്കുന്നത്. റോഡരികിൽ മാലിന്യം കൂട്ടിയിടുന്നതിനാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ദുർഗന്ധം കാരണം പ്രയാസപ്പെടുകയാണ്.
മട്ടന്നൂർ നഗരസഭയ്ക്ക് പുറമെ സമീപ പഞ്ചായത്തുകളിലെയും നഗരസഭയിലെയും ആളുകൾ മാലിന്യം ചാക്കുകളിലാക്കി കൊണ്ടയിടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മരുതായി റോഡിൽ മാലിന്യത്തിനൊപ്പം പാമ്പിനെ ചാക്കിൽ കെട്ടിയിടുകയും കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത് ചോദ്യം ചെയ്ത പാലോട്ടു പള്ളി വാർഡ് കൗൺസിലർ എം.കെ.നജ്മയെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. ഇതേ തുടർന്നാണ് നഗരസഭ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്.
നഗരസഭ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി കല്യാടന്റെ നേതൃത്വത്തിലാണ് സ്ക്വാഡ് രൂപീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പാലോട്ടുപള്ളി, കോടതി പരിസരം എന്നിവിടങ്ങളിൽ നിന്നു പതിനഞ്ചോളം വാഹനങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കേരള മുനിസിപ്പൽ ആക്ടിലെ 340-ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി എം. സുരേശൻ അറിയിച്ചു. മാലിന്യ തള്ളുന്നവരെ പിടികൂടിയാൽ വലിയ തോതിലുള്ള പിഴയും ക്രിമിനൽ കേസും ഉണ്ടാകുമെന്നു സെക്രട്ടറി അറിയിച്ചു.