ഗാന്ധിനഗർ: ആശുപത്രി മാലിന്യം കുഴിച്ചു മൂടുന്നത് ശരിയോ ? രോഗം പടരാൻ സാധ്യതയുണ്ടോ ? തുടങ്ങിയ ആശങ്കകൾ പങ്കുവയ് ക്കുകയാണ് മെഡിക്കൽ വിദ്യാർഥികളും രോഗികളും. മാലിന്യങ്ങൾ നഴ്സിംഗ് കോളജിനു സമീപം കുഴിച്ചു മൂടുകയാണിപ്പോൾ ചെയ്യുന്നത്. നഴ്സിംഗ് വിദ്യാർഥിനികൾ ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്. നഴ്സിംഗ് കോളജ്, ഗൈനക്കോളജി മന്ദിരം, നഴ്സിംഗ് ഹോസ്റ്റൽ എന്നിവയുടെ സമീപമാണ് മാലിന്യം തുറസായിടുന്നതും പിന്നീട് കുഴിച്ചുമൂടുന്നതും. മാലിന്യം കുഴിച്ചുമൂടുന്നതിനാൽ മണ്ണും വെള്ളവും വായുവും മലിനപ്പെടില്ലേ എന്ന ചോദ്യമുയരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യം കത്തിക്കാൻ പണ്ട് ഇൻസിനറേറ്റർ ഉണ്ടായിരുന്നു. ഇപ്പോൾ കാർഡിയോളജി വിഭാഗം കെട്ടിടം നിർമിച്ച സ്ഥലത്തായിരുന്നു ഇൻസിനറേറ്റർ. അന്ന് ഡീസൽ ഉപയോഗിച്ചായിരുന്നു മാലിന്യം കത്തിച്ചിരുന്നത്. പിന്നീട് ഡീസൽ ചെലവ് കുറയ്ക്കാനായി മാലിന്യം കത്തിക്കുന്നത് നിയന്ത്രിച്ചു. പിന്നീട് ഇൻസിനറേറ്റർ പ്രവർത്തിക്കാതായി. ഒടുവിൽ ഇപ്പോൾ മാലിന്യം ആശുപത്രി വളപ്പിൽ കുഴിച്ചു മുടുന്ന അവസ്ഥയിലായി.
ഓപ്പറേഷൻ തിയറ്റർ, വാർഡുകൾ, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ വസ്തുക്കളുമാണ് പച്ച പ്ലാസ്റ്റിക് ബാഗിൽ ശേഖരിക്കേണ്ടത്. സംസ്കരണത്തിനായി പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള പ്ലാസ്റ്റിക് ചാക്കുകളിലാണ് മാലിന്യം വിവിധ വാർഡുകളിൽ ശേഖരിക്കുന്നത്. പലപ്പോഴും ഓപ്പറേഷൻ തിയറ്ററിൽനിന്നുള്ള ശരീരഭാഗങ്ങൾ പോലും പച്ച കവറിൽ മാലിന്യശേഖരണ കേന്ദ്രത്തിൽ എത്തിക്കുന്നു.
അതിനു ശേഷം ലോറിയിൽ കയറ്റിയാണ് ഗൈനക്കോളജി, നഴ്സിംഗ് ഹോസ്റ്റൽ എന്നിവയുടെ മുൻവശത്ത് മണ്ണിട്ടു മൂടുന്നത്. ദിവസവും നിക്ഷേപിക്കുന്ന മാലിന്യം ഒരു മാസം കഴിഞ്ഞു മാത്രമേ മൂടുകയുള്ളൂ. ഇക്കാലത്ത് മാലിന്യം തുറസായ സ്ഥലത്ത് കിടക്കുന്നതിനാൽ പക്ഷികളും നായ്ക്കളും കവറുകൾ കൊത്തിക്കീറി മാലിന്യം പുറത്തെടുക്കുന്നു. ഇവ സമീപ കിണറുകളിൽ കൊത്തി ഇടുന്നതുമൂലം കുടിവെള്ളം മലിനപ്പെടുന്നു. ഇവിടെ നിന്നുള്ള ദുർഗന്ധവും അസഹനീയമാണ്.
മുൻകാലങ്ങളിൽ മാലിന്യം കത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരെ പരാതി ഉണ്ടായതിനെ തുടർന്ന് വർഷങ്ങളായി ആശുപത്രി വളപ്പിൽ മാലിന്യം കുഴിച്ചു മൂടുകയാണ്. മുന്പ് കുഴികളിലാണ് പ്ലാസ്റ്റിക് ചാക്കിലെ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത്. നിലവിൽ ആശുപത്രി വളപ്പിൽനിന്നുതന്നെ മണ്ണ് എത്തിച്ച് മാലിന്യം മൂടുകയാണ്.