കോതമംഗലം: മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്നു നഗരസഭയിലെ തെരുവോരങ്ങൾ ചീഞ്ഞുനാറുന്നു. മുക്കിലും മൂലയിലുമുള്ള മാലിന്യ കൂന്പാരങ്ങളിൽ നിന്നുമുയരുന്ന ദുർഗന്ധം മൂലം മൂക്കുപ്പൊത്തേണ്ട സ്ഥിയിലാണ് യാത്രക്കാരുൾപ്പെടെയുള്ളവർ. മുന്പും നഗരത്തിൽ മാലിന്യം കുന്നുകൂടുന്നുവെന്ന പരാതി ഉയർന്നിരുന്നു. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധത്തെ തുടർന്നാണു രൂക്ഷമായ മാലിന്യ പ്രശ്നത്തിനു പരിഹാരം കാണാൻ അധികൃതർ തയാറായത്.
നഗരത്തിന്റെ ഹൃദയഭാഗത്തു ചെറിയപള്ളിതാഴത്തിനു സമീപം മാലിന്യം കുന്നുകൂടികിടക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളേറെയായി. നഗരശുചീകരണം കാര്യക്ഷമമല്ലെന്ന് വ്യാപാരികൾക്കിടയിലും മറ്റും ആക്ഷേപം ശക്തമാണ്. ഫുട്പാത്തിലും റോഡിന്റെ ഓരങ്ങളിൽ പലയിടത്തും മാലിന്യക്കൂന്പാരങ്ങൾ സ്ഥിരം കാഴ്ചയാകുകയാണ്.
മാലിന്യനിക്ഷേപം മൂലം കാൽനടക്കാർക്കു ഫുട്പാത്തിൽനിന്ന് ഇറങ്ങി റോഡിലൂടെ നടക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. കൂടാതെ ജൈവമാലിന്യങ്ങൾ അഴുകുന്നതും ദുർഗന്ധമുയരുന്നതിനു കാരണമായിരിക്കുകയാണ്. തങ്കളം, കോഴിപ്പിള്ളി, ബൈപ്പാസ് റോഡ് തുടങ്ങി നഗരത്തിന്റെ പലഭാഗങ്ങളിലും സമാന അവസ്ഥയാണുള്ളത്.
ദിവസങ്ങളോളം മാലിന്യങ്ങൾ കുന്നുകൂട്ടിയശേഷമാണ് നീക്കം ചെയ്യപ്പെടുന്നതെന്നതു പ്രശ്നം സങ്കീർണമാക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നതു തടയുന്നതിനോ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്യുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരും കുടുബശ്രീ പ്രവർത്തകരുമാണ് മാലിന്യനീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ കണ്ടിജന്റ് ജീവനക്കാരുടെ കുറവാണ് മാലിന്യം കുന്നുകൂടുന്നതിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആവശ്യത്തിനു ജീവനക്കാരെ നിയമിച്ച് മാലിന്യനീക്കം കാര്യക്ഷമമാക്കമെന്നതാണ് നാട്ടുകാരുടെ ആവശ്യം.