പയ്യോളി: നഗരസഭാ ഓഫീസിന് മുന്പിൽ മാലിന്യം കൊണ്ട് തള്ളി പ്രതിഷേധം. ഇന്നലെ രാവിലെയാണ് പയ്യോളി നഗരസഭാ ഓഫീസിന് മുന്പിൽ ചാക്കിൽ നിറച്ച മാലിന്യം കൊണ്ട് തള്ളിയത്. നഗരസഭാ ഓഫീസിന്റെ ഗേറ്റിന് പുറത്താണ് മാലിന്യം തള്ളിയത്.പിന്നീട് നഗരസഭാ ആധ്യക്ഷയുടെ നിർദ്ദേശ പ്രകാരം മാലിന്യചാക്കുകൾ നീക്കം ചെയ്തു.
ക്ലീൻ പയ്യോളിയുടെ ഭാഗമായി ലക്ഷങ്ങൾ ചിലവഴിച്ച് മാസങ്ങൾക്കുമുന്‍പ് ടണ്‍ കണക്കിന് മാലിന്യം നഗരസഭ നീക്കം ചെയ്തിരുന്നു. എന്നാൽ മഴക്കാല പൂർവശുചീകരണം നടപ്പിലാക്കാത്തതിനാൽ ടൗണിലും പരിസരത്തും മലിനജലം കെട്ടികിടക്കുന്നത് പരാതിക്കിടയാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം നഗരസഭ കഴിഞ്ഞ ദിവസം ശുചീകരണ പ്രവർത്തി നടത്തിയിരുന്നെങ്കിലും വേണ്ടത്ര ഫലപ്രദമായില്ലെന്ന് ആക്ഷേപമുണ്ട്.