നിലന്പുർ: മാലിന്യം ശേഖരിച്ച കേന്ദ്രം കൊതുകുകളുടെ വളർച്ചാ കേന്ദ്രമായി മാറുന്നതായി പരാതി. നിലന്പൂർ ടൗണിന് സമീപം വികെ റോഡിന് പിന്നിലായാണ് വൻ തോതിൽ മാലിന്യങ്ങൾ ശേഖരിച്ച സ്ഥലത്ത് കൊതുകുകൾ വളരുന്നതായി പരാതിയുള്ളത്.
ശുചിത്വ കേരളം ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി നിലന്പൂർ നഗരസഭയുടെ പരിധിയിലെ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് കവറുകൾ, ഉപയോഗശൂന്യമായ ഫൈബർ, പ്ലാസ്റ്റിക് ഉപകരണങ്ങൾ മറ്റ് സാധനങ്ങൾ എന്നിവ ശേഖരിച്ച് ജനവാസകേന്ദ്രത്തിനടുത്ത് തള്ളുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ഇത് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പഴയത് ഇവിടെ നിന്ന് നീക്കം ചെയ്തിട്ടില്ല. മഴ പെയ്തതോടു കൂടി മഴവെള്ളം കെട്ടി നിന്ന് കൊതുക് പെരുകുകയും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് പട്ടികളുടെ വിഹാരകേന്ദ്രമായി ഈ പ്രദേശം മാറുകയും ചെയ്തതായി സമീപവാസികൾ പറയുന്നു.
കോവിഡും മഴക്കാലമായതോടെ ഡെങ്കിപ്പനിയും മറ്റ് പകർച്ചവ്യാധികളും പടരുമെന്ന ഭീതിയിൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. വൈകുന്നേരമാവുന്നതോടെ വീടുകളിൽ കൊതുക് ശല്യം വർധിക്കുന്നത് ഭയാനകമാണ്.
നിലന്പൂർ വീട്ടിക്കുത്ത് റോഡിനടുത്ത് സ്വകാര്യ ആശുപത്രിക്ക് പിറക് വശത്ത് മണലോടി റോഡിനടുത്താണ് അധികാരികൾ മാലിന്യ കേന്ദ്രമാക്കിയത്.
ചെറുകിട കഞ്ചാവു കച്ചവടക്കാരും മദ്യപാനികളും കൂടിയാകുന്പോൾ ചുറ്റുപാടുള്ള വീടുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കടക്കം സ്വൈര്യജീവിതം നഷ്ടപ്പെടുകയാണ്.ഇവിടെ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും കൊതുക് നിർമാർജനം ചെയ്യണമെന്നും നാട്ടുകാർ നഗരസഭയോട് ആവശ്യപ്പെട്ടു.