നെന്മാറ: പാതയോരങ്ങളിൽ കൊണ്ടിടുന്ന മാലിന്യം ഇല്ലാതാക്കാൻ നടപടിയെടുക്കാതെ അധികൃതർ കൈയൊഴിയുന്നു. മംഗലം-ഗോവിന്ദാപുരംപാതയിൽ നെന്മാറ എൻഎസ്എസ് കോളേജ് മുതൽ സെന്റ് തോമസ് നഗർ വരെയുള്ള ഭാഗമാണ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നത്.
മാംസാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഉപയോഗശുന്യമായ വസ്തുക്കൾ തുടങ്ങിയവ ചാക്കുകളിലാക്കിയാണ് ഈ ഭാഗത്തെ പാതയ്ക്ക് ഇരുവശത്തുമായി രാപകൽഭേദമില്ലാതെ കൊണ്ടുവന്നു നിക്ഷേപിക്കുന്നത്.മാംസാവശിഷ്ടങ്ങൾ പലപ്പോഴും അഴുകി ദുർഗന്ധമുണ്ടാകുന്നുന്നതിനാൽ ഇതുവഴി മൂക്കുപൊത്തി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. മാംസാവശിഷ്ടങ്ങൾ പക്ഷികളും മറ്റും കൊത്തി കിണറുകളിൽ ഇടാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു.ഒരുഭാഗത്ത് വനംവകുപ്പിന്റെ മുളങ്കാടുകൾ നിറഞ്ഞ സ്ഥലവും മറുവശത്ത് പാതയോരവുമാണ്.
വനംവകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മേലാർകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കരുതെന്നും താങ്കൾ സിസിടിവി നിരീക്ഷണത്തിലാണെന്നുമുള്ള മുന്നറിയിപ്പു ബോർഡ് വച്ചിട്ടുണ്ട്.
എന്നാൽ സിസിടിവി കാമറ സ്ഥാപിക്കാതെ ബോർഡിൽ മാത്രം മുന്നറിയിപ്പ് ഒതുങ്ങിയതോടെ മാലിന്യം നിക്ഷേപിക്കുന്നതിൽ യാതൊരു കുറവുമില്ല.ആളൊഴിഞ്ഞ ഭാഗമായതിനാൽ വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കാൻ കഴിയുന്നതാണ് മാലിന്യം കുന്നുകൂടാൻ കാരണമാകുന്നത്. ഇങ്ങനെ കുന്നുകൂടുന്ന മാലിന്യം ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പാതയരികിൽ തന്നെ കുഴിയെടുത്ത് മൂടുകയാണ് ചെയ്യുന്നത്.
എന്നാൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ യാതൊരു നടപടിയും അധികൃതർ ഇതുവരെയും സ്വീകരിച്ചിട്ടില്ല.വനംവകുപ്പിന്റെ ഭൂമിയിൽ മാലിന്യം കൊണ്ടുവന്നിടുന്നതു തടയാൻ ഉയരത്തിൽ കന്പിവേലി കെട്ടി സംരക്ഷിക്കണമെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. പഞ്ചായത്തിന് സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതും ഇതിനായി പദ്ധതികൾ തയാറാക്കാത്തതും പഞ്ചായത്തിന്റെ പ്രധാന കവലകളിലെല്ലാം മാലിന്യം കുമിഞ്ഞു കൂടുന്നതിനു കാരണമാകുന്നു.