ചിങ്ങവനം: കൊല്ലാട്, പാറയ്ക്കൽ കടവിൽ വൻതോതിൽ മാലിന്യം തള്ളുന്നതായി നാട്ടുകാരുടെ പരാതി. അറവ് ശാലകളിൽനിന്നും തള്ളുന്ന ചാക്കിൽ കെട്ടിയ മാംസാവശിഷ്ടം മുതൽ പ്ലാസ്റ്റിക് കൂടുകളിൽ കൊണ്ടുവന്നു തള്ളുന്ന വീട്ടുമാലിന്യങ്ങളും കുന്നുകൂടുകയാണിവിടെ. വഴിയരികിലും പാടത്തും മാലിന്യം കിടന്നു ചീഞ്ഞഴുകിയ ദുർഗന്ധം മൂലം മൂക്ക് പൊത്താതെ ഇതുവഴി കടന്നു പോകാനാവാത്ത സ്ഥിതിയിലാണ്.
പാറക്കൽകടവിൽ പുതുപ്പള്ളി പഞ്ചായത്തിലുൾപ്പെട്ട സ്ഥലത്താണു മാലിന്യ നിക്ഷേപം ഏറെയും. വർഷങ്ങൾക്ക് മുൻപ് പാറയ്ക്കൽ കടവിനെ വിനോദസഞ്ചാര കേന്ദ്രമാക്കി നിലനിർത്തുന്നതിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ പ്രദേശം മനോഹരമാക്കിയിരുന്നു. അതിനുശേഷം ഈ ഭാഗത്തേക്ക് ആരു തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് കാടു കയറി നാശമായ ഇവിടേക്ക് ദൂരെനിന്നു പോലും വൻതോതിൽ മാലിന്യം കൊണ്ടു വന്നു തള്ളുകയാണ്. ഫോട്ടോഗ്രാഫർമാർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണിപ്പോൾ. അടിയന്തിരമായി ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.