
പറവൂർ: പറവൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് കൂടിക്കിടക്കുന്ന മാലിന്യക്കൂന്പാരം ഒരു പ്രശ്നമായി നിലകൊള്ളുകയാണ്. മാലിന്യം മാറ്റിയില്ലെങ്കിൽ അത് പല സാംക്രമിക രോഗങ്ങൾക്കും ഇടയാക്കിയേക്കാം.
എന്നാൽ മാലിന്യം മാറ്റുന്നത് ചിലപ്പോൾ അതിലും വലിയ അപകടത്തിലേക്ക് വഴിവച്ചേക്കാം. കാരണം മറ്റൊന്നുമല്ല ഈ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിന്റെ അടിയിലാണ് പോലീസ് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് ഉള്ളത്.
സ്ലാബ് തകർന്നു കിടക്കുന്ന സെപ്റ്റിക് ടാങ്കിന്റെ മുകൾഭാഗം ആസ്പറ്റോസ് ഷീറ്റ് ഉപയോഗിച്ചാണ് താൽക്കാലികമായി മൂടിയിരിക്കുന്നത്. ഈ ആസ്പറ്റോസിന് മുകളിലായാണ് മാലിന്യം കിടക്കുന്നത്.
ഇവിടെ വലിയൊരു പുളിമരം തണൽ വിരിച്ചു നിൽക്കുന്നതിനാൽ പോലീസ് സ്റ്റേഷനിലും സമീപത്തെ ട്രഷറിയിലും മജിസ്ട്രേറ്റ് കോടതിയിലും എത്തുന്നവർവാഹനങ്ങൾ പാർക്കു ചെയ്യുന്നതും സമയം ചിലവഴിക്കുന്നതും ഈ മാലിന്യ കൂമ്പാരത്തിനു സമീപമാണ്.
മാലിന്യം കൂടിക്കിടക്കുന്നതു മൂലം ആരും ആ ഭാഗത്ത് വാഹനം പാർക്ക് ചെയ്യാറില്ല. മുൻപ് ഒന്നിലധികം തവണ ടൂവിലറുകൾ കയറി ആസ്പറ്റോസ് ഷീറ്റ് പൊട്ടി സെപ്റ്റിക് ടാങ്കിൽ വീണിരുന്നു. പിന്നീടാണ് മാലിന്യത്തിന്റെ സംരക്ഷണ കവച്ചം സെപ്റ്റിക് ടാങ്കിനു ലഭിച്ചത്.
പോലീസ് സ്റ്റേഷൻ മതിലിന് പുറത്താണ് മാലിന്യം കൂടി കിടക്കുന്നതെങ്കിലും ഇതിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കുന്നത് ഇവിടത്തെ പോലീസുകാർ തന്നെയാണ്.
ഈ മതിലിനോട് ചേർന്നാണ് സ്റ്റേഷനിലെ പോലീസുകാർക്ക് താൽകാലിക വിശ്രമകേന്ദ്രവും യൂണിഫോം മാറാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്.
ഇതു കൊണ്ടു തന്നെ ഇതിൽ വളരുന്ന കൊതുകിന്റെയും മറ്റു കീടങ്ങളുടെയും കടിയേൽക്കുന്നത് പോലീസുകാർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പാണ് ഇതിന്റെ നിർമാണ ജോലികൾ പൂർത്തീകരിക്കേണ്ടത്. പക്ഷേ പോലീസ് വകുപ്പിൽനിന്നും പുനർനിർമാണത്തിനുള്ള തുക പൊതുമരാമത്തിലേക്ക് എത്താത്തതാണ് പ്രശ്നം പരിഹാരം നീണ്ടുപോകുന്നതിന് കാരണം.
ഏതു കാരണത്താലായാലും വർഷങ്ങളായി കാത്തു സൂക്ഷിച്ചു വരുന്ന ഈ മാലിന്യം നീക്കം ചെയ്ത് ടാങ്കിന്റെ മുകൾ ഭാഗത്ത് ബലവത്തായ സ്ലാബുകൾ വാർത്തിടേണ്ടത് നാടിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.