ജഗീഷ് ബാബു
പത്തനംതിട്ട: കാലാനുസൃത മാലിന്യ സംസ്കരണ പദ്ധതകളില്ലാത്ത പത്തനംതിട്ടയിൽ മാലിന്യം നിറയുന്നത് നഗരകാഴ്ചകൾക്കും മങ്ങലേല്പിക്കുന്നു. നഗരത്തിലേക്കെത്തുന്ന ഏതൊരാളെയും വരവേൽക്കുന്നത് ഇത്തരം മാലിന്യക്കാഴ്ചകളാണ്.നഗരത്തിലെ റിംഗ് റോഡു ചുറ്റി പോലീസ് സ്റ്റേഷൻ റോഡുവഴി ഒരാൾ യാത്ര ചെയ്താൽ കാണുന്ന കാഴ്ചകൾ ആരെയും വേദനിപ്പിക്കും.
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും തുടങ്ങുന്ന റിംഗ് റോഡിൽ പത്തനംതിട്ട മൃഗാശുപത്രിക്കും മുത്തൂറ്റ് ആശുപത്രിക്കും സമീപത്തായാണ് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ തന്നെയാണ് നഗരസഭയുടെ അറവുശാലയും പ്രവർത്തിക്കുന്നത്. പടശേഖരമായിരുന്ന പ്രദേശത്തിന്റെ ചില ഭാഗങ്ങൾ മണ്ണിട്ട് നികത്തിയാണ് സംസ്കരണ കേന്ദ്രം തുടങ്ങിയത്.
തുടക്കത്തിൽ നഗരസഭ ജീവനക്കാർ മാത്രം നടത്തിയിരുന്ന മാലിന്യം സംസ്കരണം സ്വകാര്യ ഏജൻസിയെ ഏല്പിച്ചതോടെ ഇവരുടെ നേതൃത്വത്തിലായി തുടർ പ്രവർത്തനം. സ്വകാര്യ ഏജൻസിയെ ഏല്പിച്ചപ്പോൾ ഇവർ മാലിന്യം ശേഖരിച്ച് വേർതിരിച്ച് കൊണ്ടു പോകുമെന്നായിരുന്നു കരാർ. എന്നാൽ ഒന്നും ഉണ്ടായില്ല.
പ്ലാസ്റ്റിക്കും മാംസാവശിഷ്ടങ്ങളും ഒരേ പോലെ കത്തിക്കാൻ തുടങ്ങി. കത്താതെ വന്നവ ഇവിടെ കൂട്ടിയിട്ടു. പിന്നീട് മാലിന്യ സംസ്കരണ പ്ലാന്റിനു പുറത്തിട്ടും മാലിന്യങ്ങൾ കത്തിക്കാൻ തുടങ്ങി. ഇതോടെ നഗരത്തിൽ അന്തരീക്ഷ മലിനീകരണവും വർധിച്ചു. മാലിന്യം ഇവിടെയുള്ള ചെറിയ വെള്ളക്കെട്ടുകളിലും നിറഞ്ഞതോടെ ജലജന്യരോഗങ്ങൾക്കുള്ള സാധ്യതയും ഉയർന്നു തുടങ്ങി. ഏതാണ്ട് ഒരേക്കറോളം പ്രദേശത്താണ് നിലവിൽ മാലിന്യം ചിതറിക്കിടക്കുന്നത്.
മാലിന്യങ്ങൾ വേർത്തിരിച്ചില്ല
ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിക്കാനുള്ള പദ്ധതികളും ഉണ്ടായില്ല. പ്ലാസ്റ്റിക്കും ഇ മാലിന്യങ്ങളും ഉൾപ്പെടെ കൂട്ടിയിട്ട് കത്തിക്കാൻ തുടങ്ങി. കത്തുന്നതും കത്താത്തതും തീയിട്ടതോടെ ഇവയെല്ലാം വലിയ പ്രശ്നമായി. മഴ പെയ്താൽ ഇവ കത്തുകയുമില്ല. നിലവിൽ “മാലിന്യ ഗ്രൗണ്ട്’ നിറയെ നഗരത്തിലെ അവശിഷ്ടങ്ങൾ നിറഞ്ഞുകിടക്കുകയാണ്.
സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിക്കും
മാലിന്യ സംസ്കരണ കേന്ദ്രത്തോടു ചേർന്നു പ്രവർത്തിക്കുന്നത് മൂന്നു സർക്കാർ ഓഫീസുകളാണ്. നഗരസഭ ആസ്ഥാനം പ്രവർത്തിക്കുന്നത് മാലിന്യകേന്ദ്രത്തിൽ തന്നെയാണ്. ഇവിടെ തന്നെയാണ് പത്തനംതിട്ട മാർക്കറ്റ്. ഇതിനോട് ചേർന്ന് പോലീസ് സ്റ്റേഷനും. പുതുതായി നിർമിച്ച മുഗാശുപത്രി മാലിന്യ കേന്ദ്രത്തിനു നടുവിലാണ്. ഈ ഓഫീസുകളിലെല്ലാമായി മുന്നൂറിലധികം സ്ഥിരം ജീവനക്കാരുണ്ട്. മാർക്കറ്റിലും ഇതേ ഓഫീസുകളിലുമായി നിത്യവും എത്തുന്നത് ആയിരത്തിൽ കുറയാതെയുള്ള ജനങ്ങളും. മാർക്കറ്റിലെ വ്യാപാരികൾ വേറെയും. ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യതയാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം. സ്വകാര്യ സ്ഥാപനങ്ങളും മുത്തൂറ്റ് ആശുപത്രിയും ഉൾപ്പെടെയുള്ളവയും അടുത്തു തന്നെയാണ് പ്രവർത്തിക്കുന്നത്.
വേണ്ടത് ഉറവിട മാലിന്യ സംസ്കരണവും ആധുനിക പദ്ധതിയും
മാലിന്യങ്ങൾ ഉറവിടങ്ങളിലെ സംസ്കരിക്കാനാണ് പദ്ധതി വേണ്ടത്. ഇതിനായി ജനങ്ങളെയാണ് ആദ്യം ബോധവത്കരിക്കേണ്ടത്. നഗരസഭ സബ്സിഡിയോടെ ചെറിയ മാലിന്യ സംസ്കരണ യൂണിറ്റുകൾ വിടുകൾക്ക് നൽകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിനായി റസിഡൻസ് അസോസിയേഷനുകൾ രൂപീകരിക്കണം. വഴിയിൽ പ്ലാസ്റ്റിക്ക് കുടുകളിൽ വലിച്ചെറിയുന്നവർക്കെതിരെ പോലീസ് സഹായന്നോടെ പിഴ ചുമത്തണം. വ്യാപാരികളുമായി ചർച്ച ചെയ്ത് ഇവർക്കും പ്രത്യേക പദ്ധതികൾ നൽകാം. നഗരപ്രദേശത്ത് താമസിക്കുന്നവരെ ഡ്രെയിനേജ് മാലിന്യം ഒഴുക്കാനുള്ള കേന്ദ്രമല്ലെന്നും ബോധ്യപ്പെടുത്തണം. നഗരത്തിലെ പല ഇടവഴികളിലേക്കും ശൗചാല മാലിന്യങ്ങൾ വ്യാപകമായി ഒഴുകുന്നുണ്ട്.
നദികളും, തോടുകളും മാലിന്യ മുക്തമല്ല
അടുത്തിടെയാണ് അച്ചൻകോവിലാറ്റിൽ വലിയ തോതിലുള്ള മാലിന്യം നിറഞ്ഞത് ശ്രദ്ധയിൽ പെട്ടത്. ചെറിയ തോടുകളുടെ സ്ഥിതിയും സംരക്ഷിതമല്ല. മാലിന്യം ഇവിടേക്ക് ഒഴുക്കിവിടുന്നതിനു പുറമേ നദിയിൽ മാലിന്യം വാഹനങ്ങളിലെത്തി വലിച്ചെറിയുന്നുണ്ട്.
15 ന് ശേഷം നഗരത്തിലെ മാലിന്യനീക്കം നിലയ്ക്കും
15 വരെയാണ് നിലവിലെ കേന്ദ്രത്തിൽ മാലിന്യം നിക്ഷേപിക്കാൻ സ്വകാര്യ ഏജൻസിക്ക് അവസരം ലഭിക്കുക. ഇതിനു ശേഷം മാലിന്യം ഇവിടെ ഇടരുതെന്നാണ് ജില്ല കളക്ടർ പി. ബി. നൂഹിന്റെ നിർദേശം. ഇതേ തുടർന്നു 15 മുതൽ മാലിന്യം ശേഖരിച്ചിരുന്ന ആദിത്യ ഏജൻസി മാലിന്യം എടുക്കില്ലെന്നും നഗരസഭയെ അറിയിച്ചിട്ടുണ്ട്. ഇതോടെ നഗരത്തിൽ മാലിന്യം കുറേക്കൂടി നിറയും. ചെറിയ ജംഗ്ഷനിൽ വരെ ഇതു പ്രതിസന്ധി സൃഷ്ടിക്കും. നഗരസഭയിലെ ഒന്നാം വാർഡിൽ തരിശായി കിടക്കുന്ന 18 ഏക്കറിൽ മാലിന്യ സംസ്കരണ പദ്ധതികൾ നഗരസഭയുടെ പരിഗണനയിൽ ഉണ്ടെങ്കിലും ജനകീയ പ്രക്ഷോഭത്തിനു ഇതു കാരണമായി തീരും.
ആശങ്കയുണ്ടെന്ന് ആരോഗ്യ വകുപ്പ്
പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും മാലിന്യം കുടുന്നത് പലവിധ രോഗ സാധ്യതയാണ് ഉയർത്തുന്നത്. നഗരത്തിലെ ഒട്ടുമിക്ക കിണറുകളിലെയും ജലം ശുദ്ധമല്ല. വായു മലനീകരണ സാധ്യതയും തള്ളിക്കളയാനാകില്ല. ശാസ്ത്രീയ പരിഹാരമാണ് വേണ്ടത്. തുമ്പൂർമൂഴി മോഡലും നടപ്പായില്ല. തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണത്തിനായി ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ഇവിടെ ഇതും നടപ്പായില്ല. പദ്ധതിക്കായി തയാറാക്കിയ കേന്ദ്രങ്ങൾ നഗരസഭയിൽ പലയിടത്തും കാണാം.