പത്തനംതിട്ട: നഗരത്തിലെ മാലിന്യനീക്കം തടസപ്പെട്ട് ദിവസങ്ങൾ പിന്നി്ടുന്പോഴും നടപടികളില്ല. ഹോട്ടലുകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നുമുള്ള മാലിന്യങ്ങളുടെ നീക്കം തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിൽ മാലിന്യം ശേഖരിച്ചുവന്നിരുന്ന ഏജൻസിയെ പിൻവലിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. മാലിന്യം നിക്ഷേപിക്കാൻ സ്ഥലമില്ലാത്തതാണ് ഏജൻസിയെ പിൻവലിക്കാൻ കാരണമായത്.
മാലിന്യനീക്കം കരാറെടുത്തിരുന്ന ഏജൻസി നഗരത്തിൽ നിർദേശിക്കപ്പെട്ട സ്ഥലത്ത് ഇവ തള്ളുകയും സംസ്കരിക്കുകയുമായിരുന്നു. മാലിന്യങ്ങൾ മണ്ണിട്ടു മൂടുകയും തീയിടുകയോ ആയിരുന്നു ചെയ്തുവന്നത്. മാലിന്യംനിക്ഷേപിക്കാനെടുത്ത സ്ഥലം മൂടുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുണ്ടായിരുന്നതെന്ന് പറയുന്നു. മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന സ്ഥലത്ത് ഇവ സംസ്കരിക്കാൻ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് നഗരസഭയ്ക്ക് ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്.
കളക്ടറുടെ നോട്ടീസ് ലഭിച്ചതിനേ തുടർന്ന് നഗരസഭ യോഗം ചേർന്ന് ഏജൻസിയെ പിൻവലിക്കുകയായിരുന്നു. പുതിയ ഏജൻസിക്കായി കരാർ ക്ഷണിച്ചുവെങ്കിലും മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമോ സംവിധാനങ്ങളോ സംസ്കരണ പരിപാടികളോ നഗരസഭയ്ക്കില്ല. ഇക്കാരണത്താൽ കരാറെടുക്കാൻ ഏജൻസികൾ തയാറല്ല. നഗരസഭയുടെ സ്വന്തം ചുമതലയിൽ മാലിന്യനീക്കം നടക്കുന്നുമില്ല.
മാലിന്യങ്ങൾ നഗരത്തിലുടനീളം കെട്ടിക്കിടക്കുകയാണ്. മഴക്കാലം കൂടി ആയതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് ഇതു വഴിതെളിക്കുന്നത്. മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പദ്ധതികൾ നഗരസഭയ്ക്കുണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു. 2009ൽ കേന്ദ്രസർക്കാർ മാലിന്യസംസ്കരണ പദ്ധതിക്കായി നൽകിയ 98 ലക്ഷം രൂപയുടെ വിനിയോഗവും ശാസ്ത്രീയാടിസ്ഥാനത്തിലായിരുന്നില്ല.
തുന്പൂർമൂഴി മാതൃക പദ്ധതിക്കായി പണം ചെലവഴിച്ചെങ്കിലും നഗരത്തിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് ഇത് അപര്യാപ്തമായി.തന്നെയുമല്ല പദ്ധതിയുമായി ബന്ധപ്പെട്ടു ശാസ്ത്രീയാടിസ്ഥാനത്തിൽ നടപടികളെടുത്തിരുന്നില്ല. ഇതോടെ ഇതും പാളി. സ്വകാര്യ ഏജൻസികൾക്ക് മാലിന്യ ശേഖരണത്തിന് കരാർ നൽകിയപ്പോഴും സംസ്കരണ പദ്ധതികൾ ഉണ്ടായിരുന്നില്ല. ഇക്കാരണത്താലാണ് അശാസ്ത്രീയമായ രീതിയിൽ മാലിന്യം കൂട്ടിയിടേണ്ടിവന്നത്. ഇതാണ് ജില്ലാ കളക്ടർ നോട്ടീസ് നൽകാനിടയാക്കിയത്.
നിശ്ചിത തുക ഈടാക്കി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ ഏജൻസി മാലിന്യങ്ങൾ നീക്കിയിരുന്നു. എന്നാൽ ഇതു സംസ്കരിക്കുന്നതിൽ പോലും ഉത്തരവാദിത്വം നഗരസഭ ഏറ്റെടുത്തിരുന്നില്ല. ജനറൽ ആശുപത്രിയിൽ നിന്നടക്കം മാലിന്യങ്ങൾ ഇത്തരത്തിൽ ശേഖരിച്ചിരുന്നു.മാലിന്യനീക്കം ദിവസങ്ങളോളം തടസപ്പെടുന്നതോടെ നഗരം ദുർഗന്ധപൂരിതമാകും. ഇപ്പോൾ തന്നെ ടൗണ് പരിസരങ്ങളിലും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങൾക്കു മുന്നിലും മാർക്കറ്റ് പരിസരങ്ങളിലുമെല്ലാം മാലിന്യം കെട്ടിക്കിടക്കുകയാണ്.