പത്തനംതിട്ട: നഗരസഭ തുഗ്ലക് ഭരണപരിഷ്കാരമാണ് നടത്തുന്നതെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ. നഗരത്തിൽ മാലിന്യനീക്കം തടസപ്പെടുത്തുന്നതിനെതിരെ സിപിഐ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ കാര്യാലയത്തിനു മുന്പിൽ നടന്നുവരുന്ന സമരത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയ്തിട്ടുള്ള പദ്ധതികളെല്ലാം പാതിവഴിയിൽ അവസാനിപ്പിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളുമുള്ള തിരക്കേറിയ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളുന്നത് ആത്മഹത്യപരമാണെന്ന് ചിറ്റയം പറഞ്ഞു 30 വർഷമായി പ്ലാന്റ് സംവിധാനം ആരംഭിക്കാൻ കഴിയാത്തത് പിടിപ്പു കേടാണെന്നും ചിറ്റയം ഗോപകുമാർ എംഎൽഎ കുറ്റപ്പെടുത്തി.
മണ്ഡലം സെക്രട്ടറി എം.കെ. സജി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കമ്മിറ്റിയംഗവും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ അബ്ദുൾ ഷുക്കൂർ, പരിസ്ഥിതി പ്രവർത്തകൻ റെജി മലയാലപ്പുഴ, ടി. ജി. പുരുഷോത്തമൻ, ബി. ഹരിദാസ്, പി.പി. ശശി, സുമേഷ് ബാബു, മുനിസിപ്പൽ കൗൺസിലർ ടി.ആർ. ശുഭ, മനോജ് വട്ടക്കാവ്, ഗീതാസദാശിവൻ, ഷിനാജ്, ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. സമരത്തിന്റെ സമാപനസമ്മേളനം ഇന്ന് സിപിഐ സംസ്ഥാന കൗൺസിലംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്യും.