പത്തനംതിട്ട: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനം നഗരസഭ അട്ടിമറിച്ചെന്ന് എൽഡിഎഫ് നഗരസഭ കമ്മിറ്റി ആരോപിച്ചു. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് വീടുകളിൽ നിന്ന് തരംതിരിച്ച മാലിന്യം ശേഖരിച്ച് തുമ്പൂർമുഴി മോഡൽ പ്ലാന്റിൽ എത്തിക്കാമെന്ന് നഗരസഭ ചെയപേഴ്സൺ ഗീതാ സുരേഷ് യോഗത്തിൽ അറിയിച്ചത് എല്ലാവരും അംഗീകരിച്ചിരുന്നു.
ഇപ്പോൾ കുടുംബശ്രീ തൊഴിലാളികളെ മാലിന്യം സംഭരിക്കാൻ അനുവദിക്കുന്നില്ല. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണെന്ന് മുൻ നഗരസഭാ ചെയർമാനും എൽഡിഎഫ് കൺവീനറുമായ സക്കീർ ഹുസൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴയിൽ നിന്നെത്തിയ സ്വകാര്യ ഏജൻസിയുമായി കച്ചവടം ഉറപ്പിക്കാനാണ് നഗരസഭയുടെ പുതിയ നീക്കം.
എൽഡിഎഫ് നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് പി.കെ.അനീഷ്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൾ ഷുക്കൂർ, ജനതാദൾ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.