പത്തനംതിട്ട: നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചിട്ട് ആറുദിവസം. പകരം സംവിധാനം ഉണ്ടാക്കാതെ നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഉത്തരവാദിത്വത്തിൽ നിന്ന് നഗരസഭ പിന്നോക്കം പോയതോടെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും അടക്കമുള്ള മാലിന്യങ്ങൾ നഗരത്തിൽ നിറഞ്ഞിരിക്കുകയാണ്.
വീടുകളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ സംസ്കരണമില്ലാതെ നിക്ഷേപിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നു. മഴ കൂടി ആരംഭിച്ചതോടെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്ന് കൊതുകും ഈച്ചയും അടക്കം പെരുകിത്തുടങ്ങി. നഗരത്തിലെ മാർക്കറ്റിലും പൊതുനിരത്തുകളിലും മാലിന്യം ചിതറിക്കിടക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി കൂട്ടികെട്ടിയിട്ടിരിക്കുകയാണ്.
നഗരത്തിലെ മാലിന്യം സംഭരിക്കുവാനുള്ള ചുമതല സ്വകാര്യ ഏജൻസിയെ ഏല്പിച്ചിരുന്നു. ഇവർക്കാവശ്യമായ സംസ്കരണ സംവിധാനങ്ങളില്ലാതിരുന്നതിനാൽ പൊതു ഇടങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിനെതിരെ ആക്ഷേപം ഉയർന്നതോടെയാണ് ജില്ലാ കളക്ടർ ഇടപെട്ട് നോട്ടീസ് നൽകിയത്. മാലിന്യം നിക്ഷേപിക്കാൻ ഇടമില്ലെന്നതായതോടെ സ്വകാര്യ ഏജൻസിയെ ചുമതലയിൽ നിന്ന് നഗരസഭയും ഒഴിവാക്കി.
പുതിയ ഒരു ഏജൻസിയെ മാലിന്യശേഖരണം ഏല്പിക്കാനുള്ള ശ്രമത്തിലാണ ്നഗരസഭ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. മാലിന്യശേഖരണവും സംസ്കരണവുമായി ബന്ധപ്പെട്ട് ഓരോ സ്ഥാപനവും 1000 രൂപ വീതം നൽകണമെന്ന നിർദേശം പുതിയ ഏജൻസി മുന്നോട്ടുവച്ചിട്ടുണ്ട്.
വ്യാപാരികൾ അടക്കം ഇതിനോടു യോജിച്ചിട്ടില്ല. ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കാൻ സ്ഥലം ലഭ്യമായില്ലെങ്കിൽ കരാറെടുക്കില്ലെന്ന് നിലപാടാണ് താത്പര്യപത്രം നൽകിയിട്ടുള്ള ഏജൻസികൾക്കുള്ളത്. മാലിന്യം സംസ്കരിക്കാനുള്ള സ്ഥലം നഗരസഭകണ്ടെത്തി നൽകണമെന്നാണ് ആവശ്യം.