ചൂച്ചാക്കൽ: തോട്ടിൽ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൂച്ചാക്കൽ തോട്ടിൽ ഹോട്ടൽ മാലിന്യങ്ങളടക്കമുള്ളവ നിക്ഷേപിച്ചിരുന്നു. കായലുമായി ബന്ധമുള്ള തോട്ടിൽ തള്ളിയ മാലിന്യങ്ങൾ വേലിയേറ്റ സമയങ്ങളിൽ ഒഴുകി നടക്കുന്ന സ്ഥിതിയായതോടെയാണ് പ്രതിഷേധം ശക്്തമായത്.
പൂച്ചാക്കൽ മാർക്കറ്റിലെ തൊഴിലാളികളും സമീപത്തെ വ്യാപാര സ്ഥാപങ്ങളിലെ തൊഴിലാളികളും ജോലിക്ക് ശേഷം കൈകാലുകൾ കഴുകാനും മറ്റും തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മാലിന്യം ഒഴുകി നടക്കുന്നതുമൂലം വെള്ളം ഉപയോഗിക്കാൻ സാധിക്കുന്നില്ലായെന്നും മാലിന്യം ഒഴുകുന്ന സമയങ്ങളിൽ തോട്ടിലെ വെള്ളം ഉപയോഗിച്ചാൽ ചെറിച്ചിൽ അനുഭവപ്പെടുന്നതുമായാണ് മാർക്കറ്റിലെ തൊഴിലാളികൾ പറയുന്നത്.
ദൂരസ്ഥലങ്ങളിലെ വലിയ ഹോട്ടലുകളിലെ മത്സ്യവും, മാംസവും കഴുകുന്ന വെള്ളവും അവയുടെ അവശീഷ്ടങ്ങളുമാണ് ടാങ്കർ ലോറികളിൽ എത്തിച്ച് രാത്രി സമയങ്ങളിൽ തോടുകളിലും മറ്റ് സ്ഥലങ്ങളിലും ഒഴുക്കുന്നത് എന്ന് ആക്ഷേപം ഉണ്ട്. വെള്ളത്തിന് മീതെ എണ്ണ പോലുള്ള ഒരു തരം പാട ഒഴുകുന്നതുമൂലം കണ്ണുകൾക്ക് നീറ്റൽ അനുഭവപ്പെടുകയും അസഹനീയമായ ചെറിച്ചിലും ഉണ്ടാകാറുണ്ടെന്ന് കക്കാ മുങ്ങി വാരുന്ന തൊഴിലാളികൾ പറയുന്നത്.
മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ പഞ്ചായത്ത്, ആര്യോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് തങ്ങളല്ലെന്നും മറ്റ് സ്ഥലങ്ങളിലെ മാലിന്യം കൊണ്ടു പോകുന്ന ടാങ്കർ ലോറിക്കാരാണ് ഈ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് എന്നാണ് പൂച്ചാക്കൽ ടാങ്കർ ലോറി അസോസിയേഷൻ പറയുന്നത്.