തൃശൂർ: പൂരത്തിനുശേഷം തേക്കിൻകാട് മൈതാനത്തെ മാലിന്യങ്ങൾ ചർച്ചയ്ക്കൊടുവിൽ ഇന്നു രാവിലെ കോർപറേഷൻ പൂർണമായും തൂത്തുവാരി ചാക്കിലാക്കി. നൂറോളം കോർപറേഷൻ ജീവനക്കാരാണ് മാലിന്യം തൂത്തുവാരിയത്.
സാധാരണ പൂരപ്പിറ്റേന്ന് കോർപറേഷൻ മാലിന്യം പൂർണമായും നീക്കം ചെയ്യാറുള്ളതാണ്.
എന്നാൽ മാലിന്യം നീക്കം ചെയ്ത് കുഴിച്ചു മൂടാൻ ഒരുങ്ങുന്നതിനിടെ ചിലയാളുകൾ തടസപ്പെടുത്തിയതോടെയാണ് മാലിന്യ നീക്കം നിലച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയ സ്ഥലത്ത് കുഴിയെടുത്താണ് മാലിന്യം കുഴിച്ചു മൂടാൻ കോർപറേഷൻ തയ്യാറെടുത്തത്.
എന്നാൽ ചിലർ തടസപ്പെടുത്തിയതോടെ കോർപറേഷൻ മാലിന്യം നീക്കം ചെയ്യുന്നതിൽ നിന്ന് പിൻമാറി. തങ്ങൾ മാലിന്യം നീക്കില്ലെന്ന് കാണിച്ച് കളക്ടർക്കും കൊച്ചിൻ ദേവസ്വം ബോർഡിനും മേയർ കത്തും നൽകി. ഇതോടെയാണ് മന്ത്രി വി.എസ്.സുനിൽകുമാർ ഇടപെട്ട് കോർപറേഷൻ മേയറുമായും മറ്റു ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്.
ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്ന് മാലിന്യം നീക്കാൻ കോർപറേഷൻ സമ്മതിക്കുകയായിരുന്നു. എന്നാൽ മാലിന്യം ചാക്കിലാക്കിയെങ്കിലും പ്ലാസ്റ്റിക് സാധനങ്ങൾ തരം തിരിച്ചു വച്ചിരിക്കയാണ്. മറ്റു മാലിന്യങ്ങൾ എവിടെ സംസ്കരിക്കണമെന്നതു സംബന്ധിച്ച് ഉച്ചയ്ക്കു ശേഷം നടക്കുന്ന ചർച്ചയ്ക്കു ശേഷമേ തീരുമാനിക്കൂവെന്ന് മേയർ അജിത വിജയൻ പറഞ്ഞു.