മങ്കൊന്പ് : ആലപ്പുഴ-ചങ്ങനാശേരി റോഡുവക്കിൽ അറവുമാലിന്യം നിക്ഷേപിച്ചതായി പരാതി. രാമങ്കരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പരിധിയിൽ വരുന്ന പള്ളിക്കൂട്ടുമ്മ-പുളിങ്കുന്ന റോഡു വക്കിലാണ് മാലിന്യ നിക്ഷേപം നടത്തിയത്.
ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങൾ എട്ടോളം ചാക്കുകളിൽ നിറച്ച എട്ടിങ്ങളിലായിട്ടാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനങ്ങളിലെത്തിയ സാമൂഹ്യ വിരുദ്ധരാണ് ചാക്കുകെട്ടുകൾ ഉപേക്ഷിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
അഴുകിയ മാലിന്യങ്ങൾ പരത്തുന്ന ദുർഗന്ധം മൂലം ഇതുവഴി വാഹനങ്ങളിൽ പോലും യാത്രചെയ്യാൻ പോലും സാധിച്ചിരുന്നില്ല. ഇതെത്തുടർന്ന് ഗ്രാമപഞ്ചായത്തംഗം സിബി മൂലംകുന്നത്തിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മാലിന്യം മറവുചെയ്യുകയായിരുന്നു.
ഇവിടെയും, ആലപ്പുഴ-ചങ്ങനാശേരി റോഡിലും അറവുമാലിന്യ നിക്ഷേപം പതിവാണെന്നു നാട്ടുകാർ പറയുന്നു. പലവട്ടം ഇക്കാര്യം തങ്ങൾ പോലീസിന്റെ ശ്രദ്ദയിൽ പെടുത്തിയെങ്കിലും ഫലമുംണ്ടായില്ല. മാലിന്യ നിക്ഷേപം നടത്തുന്ന വാഹനങ്ങളുടെ നന്പർ തന്നാൽ നടപടിയെടുക്കാമെന്നാണ് പോലീസിന്റെ മറുപടിയെന്നാണ് നാട്ടുകാർ പറയുന്നത്.