ആലപ്പുഴ: ജൈവ- അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായുള്ള സംവിധാനങ്ങളോട് മുഖം തിരിച്ച് ജനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാരംഭിച്ച മാലിന്യ നിർമാർജന പദ്ധതികളോടാണ് ആദ്യത്തെ ആവേശം ഇപ്പോൾ പൊതുജനത്തിനില്ലാത്തത്. പലയിടങ്ങളിലും മുൻകാലങ്ങളിലേതുപോലെ മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലുമാക്കി വലിച്ചെറിയുന്ന സ്ഥിതിയായി വീണ്ടും.
ആലപ്പുഴ നഗരസഭയിൽ ജൈവ -അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി നിർമല ഭവനം- നിർമല നഗരം പദ്ധതിപ്രകാരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നഗരത്തിലെ ഇടവഴികളും ചെറു റോഡുകളും ഇപ്പോഴും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്.
രാത്രിയിലും പുലർച്ചെയുമാണ് ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം ഏറെയും നടക്കുന്നത്. പൊതുയിടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വീകരിക്കാമെങ്കിലും ഇതിനു തയാറാകാത്തതാണ് മാലിന്യനിക്ഷേപം പാതയോരങ്ങളിൽ വർധിക്കാൻ കാരണം.
നേരത്തെ ആലപ്പുഴ നഗരസഭ രാത്രികാല മാലിന്യ നിക്ഷേപം തടയുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുകയും ഇവരുടെ കാര്യക്ഷമമായ പ്രവർത്തനം മൂലം രാത്രിയിൽ മാലിന്യങ്ങൾ തള്ളാനെത്തിയ നിരവധിയാളുകളെ പിടികൂടുകയും പിഴയടപ്പിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലുടെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ നഗരത്തിലെ മാലിന്യ നിക്ഷേപത്തിനു കുറവുണ്ടായെങ്കിലും പ്രവർത്തനത്തിന്റെ തുടർച്ചയില്ലാതായതോടെ വീണ്ടും നഗരത്തിലെ പാതയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രമാകുകയാണ്.
നഗരത്തിനോടു ചേർന്നുള്ള പഞ്ചായത്തുകളും നിലവിൽ മാലിന്യ നിക്ഷേപത്തിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്. ആര്യാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന തണ്ണീർമുക്കം-ആലപ്പുഴ റോഡ്, കൂറ്റുവേലി-ആലപ്പുഴ റോഡ് എന്നിവയുടെ ഓരങ്ങളിലും ഈ റോഡുകളിലേക്കെത്തിച്ചേരുന്ന ഗ്രാമീണ പാതകളിലും സമീപകാലത്തായി മാലിന്യ നിക്ഷേപം വർധിച്ചിട്ടുണ്ട്.
വീടുകളിൽ നിന്ന് ഗാർഹിക പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ശേഖരിക്കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന പഞ്ചായത്തുകളുടെ പരിധിയിലും പാതയോരങ്ങളിലാണ് ഇത്തരത്തിൽ ജൈവ- അജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലുമാക്കി നിക്ഷേപിക്കുന്നത്. രാത്രിയുടെ മറവിലാണ് മാലിന്യ നിക്ഷേപമെന്നതിനാൽ ഇതിനു പിന്നിലുളളവരെ പിടികൂടാനുമാകുന്നില്ല. പലയിടങ്ങളിലും മാലിന്യ നിക്ഷേപത്താൽ വലഞ്ഞ ജനങ്ങൾ സിസിടിവി കാമറകൾ സ്ഥാപിച്ച് മാലിന്യ നിക്ഷേപകരെ പിടികൂടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.