ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് ശാസ്താംകോട്ടയ്ക്ക് സമീപമുള്ള ആഞ്ഞിലിമൂട് ജംഗ്ഷൻ.പ്രസിദ്ധമായ മൽസ്യ ചന്തയിലേക്കും വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് യാത്രക്കാരും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ ദിനംപ്രതി വന്ന് പോകുന്ന ഈ ജംഗ്ഷനിലെ പ്രധാന പ്രശ്നം ജനങ്ങൾക്ക് ബസ് കാത്ത് നിൽക്കാൻ ഇടമില്ല എന്നതും മാലിന്യവും ആണ്.
ശാസ്താംകോട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ആഞ്ഞിലിമൂട്ടിൽ എത്തിയിട്ടാണ് കരുനാഗപ്പള്ളി ഭാഗത്തേക്കും ചവറ ഭാഗത്തേക്കും തിരിഞ്ഞ് പോകേണ്ടത്.അതിനാൽ ഈ രണ്ട് ഭാഗത്തേക്കും ഉള്ള യാത്രക്കാരും പതാരം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും എപ്പോഴും ഇവിടെ ഉണ്ടാകും. അതുപോലെ തന്നെ ശാസ്താംകോട്ട ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും.റോഡിന് വളരെ ഏറെ വീതി ഉണ്ടായിരുന്ന ഇവിടെ ഇതെല്ലാം ജംഗ്ഷനിലെ കടക്കാർ കൈയേറിയിരിക്കുകയാണ്.
റോഡരികിൽ നിന്ന വൻ മരങ്ങൾ പോലും ഇറക്കുകൾക്കുള്ളിൽ ആകുന്ന രീതിയിലാണ് കൈയേ റ്റം നടത്തുന്നത്. ഇതിനാൽ യാത്രക്കാർ വാഹനങ്ങൾ കാത്ത് മഴയും വെയിലുമേറ്റ് റോഡരികിൽ നിൽക്കേണ്ട ഗതികേടിലാണ്. കോവൂർ കുഞ്ഞുമോൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അത്യാധുനിക കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി അടിസ്ഥാനം നിർമ്മിച്ചതോടെ നിലച്ചിരിക്കുകയുമാണ്.
കടകളിൽ നിന്നും പച്ചക്കറിസ്റ്റാളുകളിൽ നിന്നും ഉള്ള മലിന്യങ്ങൾ ഇടുന്നതും ജംഗ്ഷനിൽ തന്നെ വിവിധ സ്ഥലങ്ങളിലാണ്. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ ഉപയോഗിച്ച പ്ലാസ്റ്ററിക് പേപ്പറുകൾ പോലും ഇടുന്നതും ഇത്തരത്തിലാണ്. ഇത് കടുത്ത ആരോഗ്യ- പരിസ്ഥിതിക പ്രശനങ്ങൾ സൃഷ്ടിച്ചിട്ടും അധികൃതർ കണ്ട മട്ട് നടിക്കാറില്ല.
മഴക്കാലമായതോടെ ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത് ജംഗ്ഷനിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് യാത്രക്കൾക്കും മറ്റും സൗകര്യപ്രദമായി നിൽക്കാൻ ഇടം സൃഷ്ടിക്കണമെന്നും മാലിന്യം ഇടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പൊതു ജന ആവശ്യം.