പൂച്ചാക്കൽ: ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നത് നിത്യസംഭവമായി മാറുന്നതിനെതിരെ ജനരോഷം ഉയരുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലന്നാണ് ആക്ഷേപം. തൈക്കാട്ടുശേരി പഞ്ചായത്തിലെ ചൂരമന തോട്ടിലും തൈക്കാട്ടുശേരി വല്യാറ റോഡരികും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്.
കഴിഞ്ഞ ദിവസവും പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും കെട്ടി മാലിന്യം നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ പോലീസിലും പഞ്ചായത്തിലും പരാതി നൽകി. അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇല്ലാത്തതിനാൽ പഞ്ചായത്ത് പടിക്കൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം എന്ന് പൗരസമതി കണ്വീനർ ഷാജി ചൂരമന അറിയിച്ചു.
മാലിന്യ നിക്ഷേപത്തെ തുടർന്ന് തോട്ടിലെ വെള്ളം പൂർണമായി ഉപയോഗശൂന്യമായി. തോടിന് സമീപം താമസിക്കുന്നവർക്ക് തെരുവുനായ്ക്കളുടെയും കിളികളുടെയും ശല്യ മൂലം വീടിനകത്തു പോലുംരക്ഷയില്ലാത്ത അവസ്ഥയാണ്. രാത്രി സമയങ്ങളിലാണ് മാലിന്യം ഇവിടെ തള്ളുന്നത്.
തോടിനു സമീപത്തുള്ള ചുടുകാട്ടുപുറം ചൂരമന റോഡിൽ നിരവധി തെരുവുവിളക്കുകൾ ഉണ്ടൈങ്കിലും രാത്രിയിൽ ഇവ ഒന്നും തന്നെ തെളിയാറില്ല എന്ന് പരിസരവാസികൾ പറയുന്നു. മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതരുടെ വാക്കിന് കാലങ്ങളുടെ പഴക്കമുണ്ട്.
മാലിന്യ നിക്ഷേപം ഒരു കീറാമുട്ടിയായി നിലനിൽക്കുന്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുന്പോഴും മാലിന്യപ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് കാൽനൂറ്റാണ്ടായി നടന്ന ചർച്ചകൾ മാത്രം ബാക്കിയാവുന്നു.
വർഷത്തിലൊരിക്കൽ ശുചിത്വ ദിനാചരണം കൊണ്ടോ ബോധവൽക്കരണം കൊണ്ടോ പരിഹരിക്കാവുന്നതല്ല മാലിന്യക്കൂന്പാരങ്ങളും അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും. പഞ്ചായത്ത് അധികൃതർ എവിടെയൊക്കെ മാലിന്യം നിക്ഷേപിക്കരുതെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ടോ അവിടെയൊക്കെ ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. വിലക്കിന് പുല്ലുവില കൽപിച്ചാണ് പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത്.
തോട്ടിലും റോഡ് വക്കിലും പൊതുസ്ഥലങ്ങളിലുമെല്ലാം മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നു. എത്രയും വേഗം കാമറകൾ സ്ഥാപിക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.