പത്തനാപുരം : തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യസംസ്ക്കരണപദ്ധതി താളം തെറ്റി.ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച പദ്ധതിയുടെ മാലിന്യശേഖരണയൂണിറ്റുകള് കാടുകയറി നശിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കാനുള്ള സംവിധാനമില്ലാത്തതാണ് പദ്ധതി തുടക്കത്തില്‍ തന്നെ താറുമാറാകാര് കാരണം.
സ്വന്തമായി മാലിന്യസംസ്ക്കരണസംവിധാനമില്ലാത്ത പഞ്ചായത്താണ് തലവൂര്‍.പുനലൂര്‍ നഗരസഭയിലെ മാലിന്യസംസ്ക്കരണസംവിധാനം പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് പുത്തന്‍ പദ്ധതി ആവിഷ്ക്കരിച്ചത്.
വാര്‍ഡുകളിലെ പ്രധാന ജംഗ്ഷനുകളില്‍ മാലിന്യം ശേഖരിക്കാനായി കമ്പി കൊണ്ട് നിര്‍മ്മിച്ച ശേഖരണയൂണിറ്റുകള് സ്ഥാപിച്ചു.
ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കുന്നതിനുള്ള ഭാഗങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് പഞ്ചായത്തിലെ ഹരിതസേനയുടെ സഹായത്തോടെ മാലിന്യം വീണ്ടും തരംതിരിച്ച് സംസ്ക്കരണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു പദ്ധതി.
എന്നാല്‍ തലവൂര്‍ പഞ്ചായത്തിലെ മാലിന്യങ്ങള്‍ കൂടി സംസ്ക്കരിക്കാന്‍ പുനലൂര്‍ പ്ലാന്റിൽ സംവിധാനമില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ പദ്ധതി പാളി.ഒരു തവണ പോലും മാലിന്യങ്ങള്‍ ശേഖരണകേന്ദ്രത്തില്‍ നിന്നും ശേഖരിക്കാന്‍ കഴിഞ്ഞില്ല.ഇതോടെ പൊതുജനങ്ങള്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ ശേഖരണയൂണിറ്റുകള് നിറഞ്ഞ് പുറത്തേക്ക് വ്യാപിക്കാന്‍ തുടങ്ങി.
തലവൂരിന് പുറമെ സമീപപഞ്ചായത്തുകളിലെ ആളുകള്‍ കൂടി മാലിന്യങ്ങള്‍ പെട്ടികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി.
പ്രധാനകേന്ദ്രങ്ങളിലെ പെട്ടികള്‍ക്ക് ചുറ്റും മാലിന്യങ്ങള്‍ നിറഞ്ഞത് നാട്ടുകാരെ എറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പലഭാഗങ്ങളിലെയും ശേഖരണയൂണിറ്റുകളില് കാടുകയറി നശിച്ച നിലയിലാണ്.കൂടി കിടക്കുന്ന മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യം ശക്തമാകുന്നുണ്ട്.